ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്ക് വിറ്റ യുവതി അറസ്റ്റില്‍
Saturday, July 19, 2025 5:23 AM IST
കാസര്‍ഗോഡ്: സ്വന്തം ബന്ധുക്കളെ കബളിപ്പിച്ച് സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിട്ട ട്രാവല്‍ ഏജന്റായ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് തളങ്കര സ്വദേശി യു.സാജിത (34) ആണ് പിടിയിലായത്. രണ്ടാംപ്രതി കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശി ബി.എം.മുഹമ്മദ് സാബിര്‍ (32) ഒളിവിലാണ്. ദുബായിലുള്ള സബീര്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ മറയ്ക്കാനാണ് ട്രാവല്‍ ഏജന്‍സി നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹായിയായിട്ടാണ് സാജിത പ്രവര്‍ത്തിച്ചിരുന്നത്.
2024 മാര്‍ച്ചിലാണ് കുംബഡാജെയിലെ ഭര്‍ത്താവിന്റെ ബന്ധുവായ ഇരുപത്തിയൊന്നുകാരിയെ സാജിത സമീപിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും തനിക്കുവേണ്ടി പുതിയൊരു ബാങ്ക് അക്കൗണ്ട് എടുത്തുതരാമോയെന്നും ചോദിച്ചു.
സാജിതയെ വിശ്വസിച്ച യുവതി തന്റെ പേരില്‍ ചെര്‍ക്കള കാനറ ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും എടിഎം കാര്‍ഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം എന്നിവയെല്ലാം കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡിന് ഇന്റർനാഷണല്‍ ആക്സസ് ഉണ്ടാകണമെന്നും സാജിദ നിര്‍ബന്ധിച്ചു.
മാസങ്ങള്‍ക്കുശേഷം യുവതിയെ ഒരു ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ പ്രതിയാക്കി ബംഗളുരു സൈബര്‍ പോലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചു. പരിഭ്രാന്തയായ ഇവര്‍ സ്വന്തം അക്കൗണ്ടിന്റെ സ്ഥിതി പരിശോധിക്കാന്‍ കാനറ ബാങ്കില്‍ എത്തി. ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്. നവംബറില്‍ നാലു ബന്ധുക്കള്‍ കൂടി കാസര്‍ഗോഡ് സൈബര്‍ പോലീസിനെ സമീപിക്കുകയും സാജിതയ്ക്കെതിരെ പ്രത്യേകമായി പരാതികള്‍ നല്‍കുകയും ചെയ്തു.
വീട്ടമ്മമാരും വിദ്യാര്‍ഥികളുമായ ആറു പേരെയെങ്കിലും സാജിത ലക്ഷ്യം വച്ചിട്ടുണ്ടെന്നും തനിക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ അവരെ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ സാബിര്‍ ഒരു വലിയ സൈബര്‍ കുറ്റകൃത്യ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്ന് സാജിത പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ദുബായിലെ ചൈനീസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഈ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് അദ്ദേഹം വിറ്റതായി അവര്‍ പറഞ്ഞു. ഈ അക്കൗണ്ടുകളില്‍ എത്തുന്ന പണം വിദേശത്തുള്ള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐ രഞ്ജിത് കുമാര്‍ പറഞ്ഞു.
പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സാജിദ ദുബായിലേക്ക് കടന്നുകളഞ്ഞു. പിന്നീട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതുടര്‍ന്നാണ് വെള്ളിയാഴ്ച മടങ്ങിയെത്തിയപ്പോള്‍ മുംബൈ എയര്‍ പോര്‍ട്ടില്‍ സാജിതയെ അറസ്റ്റ് ചെയ്യുന്നത്.