അലുമിനിയം കലർന്ന ഉപ്പ് ഒഴിവാക്കാം
Tuesday, May 16, 2017 2:47 AM IST
ഉപ്പും കൊളസ്ട്രോളും
ഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലായി എത്തുന്നത്. പക്ഷേ, ബിപിയുള്ളവർക്കു മിക്കപ്പോഴും കൊളസ്ട്രോളും കൂടുതലായിരിക്കും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ... ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
അയഡിൻ ചേർത്ത കറിയുപ്പ്
അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുികളെ കണ്ടെത്തി അതു നികത്തുന്നതിനുള്ള പദ്ധതിയാണ് നാഷണൽ അയഡിൻ ഡെഫിഷ്യൻസി ഡിസോഡർ കണ്ട്രോൾ പ്രോഗ്രാം. അയഡിൻ ചേർത്ത കറിയുപ്പ് ഉപയോഗിക്കണമെന്നു നിർദേശിച്ചത് അതിെൻറ ഭാഗമായാണ്. അയഡൈസ്ഡ് ഉപ്പ് കഴിച്ചാൽ കൊച്ചുകുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ.
പരലുപ്പിൽ അയഡിൻ ഇല്ല
പരൽഉപ്പ് പൂർണമായും അയഡൈസ്ഡ് അല്ല. സ്പ്രേ ചെയ്യുന്പോൾ പൊട്ടാസ്യം അയഡേറ്റ് അതിൽ കാര്യമായി പിടിക്കില്ല. പരലുപ്പിൽ വെള്ളമൊഴിച്ചു വച്ചാൽ ഉള്ള അയഡിനും നഷ്ടമാകും. അതിനാൽ അത്തരം ഉപ്പ് പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. പൊടിയുപ്പിൽ പൊാസ്യം അയഡേറ്റ് സ്പ്രേ ചെയ്താണു കലർത്തുന്നത്. 15 ppm അയഡിനാണു നമുക്കുവേണ്ടത്. പക്ഷേ, നിർമാണവേളയിൽ 30 ppm അയഡിൻ ചേർക്കാറുണ്ട്. അതിനാൽ കന്പനിയിൽ നിന്ന് അടുക്കളയിലെത്തുന്നതിനിടെ പാതി അയഡിൻ നഷ്ടമായാലും ബാക്കി പകുതി ശരീരത്തിനു കിട്ടും. ഒരു ദിവസം ഒരാൾക്ക് 100- 150 മൈക്രോഗ്രാം അയഡിൻ ആവശ്യമുണ്ട്.
അലുമിനിയം കലർന്ന ഉപ്പ് വേണ്ട
ഫ്രീ ഫ്ളോയിംഗ് സോൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ചിലതരം ഉപ്പുകളിൽ അലുമിനിയം സിലിക്കേറ്റ് കൂടി ചേർക്കുന്നുണ്ട്. ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് അലുമിനിയം സിലിക്കേറ്റ് ചേർക്കുന്നത്. ഉപ്പ് കട്ടപിടിച്ചുപോയാലും ഉപയോഗശൂന്യമാവില്ല. അതിനാൽ അലുമിനിയം സാന്നിധ്യമുള്ള ഉപ്പ് ഉപയോഗിക്കുന്നതു നന്നല്ല. അലുമിനിയം ആൽസ്ഹൈമേഴ്സിന് കാരണമാകുന്നതായി പഠനങ്ങളുണ്ട്. ആൽസ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറിൽ അലുമിനിയത്തിന്റെ സാന്നിധ്യം കാണാറുണ്ട്. അതിനാൽ അലുമിനിയം കലർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ കഴിവതും ഒഴിവാക്കണം, അലുമിനിയം പാത്രങ്ങളിലെ പാചകവും.
ഉപ്പ് സൂക്ഷിക്കുന്പോൾ-
* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്ടപ്പെടും.
* അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
* ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ചേർത്താൽ അളവിൽ കൂടാനുള്ള സാധ്യതയേറും.
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.
ഒലീവ് പിക്കിളിൽ...
ഒലീവ് പിക്കിളിൽ ഉപ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഒലീവ് പിക്കിൾ അധികമായി ഉപയോഗിക്കരുത്.
ഉണക്കമീൻ ശീലമാക്കരുത്
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. മാത്രവുമല്ല ജീർണിച്ച ശേഷമാണ് അത് ഉണക്കുന്നത്. അതിനാൽ ഉണക്കമീൻ(ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്
തയാറാക്കിയത്: ടി.ജി.ബി