ഇത് ജൂനിയർ എൻടിആർ തന്നെയോ? താരത്തിന്റെ ശരീരഭാരം കുറഞ്ഞതിൽ ആശങ്കയുമായി ആരാധകർ
Wednesday, October 15, 2025 8:39 AM IST
സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് ജൂനിയർ എൻടിആറിന്റെ പുതിയ ലുക്ക്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലാണ് താരത്തെ കാണാൻ സാധിക്കുക. കഴിഞ്ഞ ദിവസം നടൻ പങ്കെടുത്ത വിവാഹച്ചടങ്ങിലും വളരെയധികം മെലിഞ്ഞാണ് കാണപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയരുകയായിരുന്നു.
ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ‘വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിനു പൊട്ടലേറ്റിരുന്നു. ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു.
‘കാന്താര: ചാപ്റ്റർ വൺ’ സിനിമയുടെ പ്രമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ പ്രകടമായിരുന്നു.
അതേസമയം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം മെലിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ.