കൊച്ചി: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയില്‍ തീര്‍ത്ത(ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ്) 62 കാമറകള്‍ ജല്ലയില് നിരീക്ഷണം ആരംഭിച്ചു. സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇന്നലെ അര്‍ധരാത്രിയോടെ കാമറകള്‍ ഓണ്‍ ആയത്. രാവിലെ എട്ട് മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിതുടങ്ങും. കാമറകള്‍ നിരീക്ഷിക്കുന്നതിനായി കെണ്ട്രോണ് ജീവനക്കാര്‍ അടങ്ങുന്ന 24 മണക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും കാക്കനാട് സജ്ജമാക്കിയിട്ടുണ്ട്. നിരീക്ഷണങ്ങളും, പിഴ സംബന്ധിച്ച തുടര്‍നടപടികളടക്കം കണ്ട്രോള് റൂമില്‍ നിന്നാകും നിയന്ത്രിക്കുക.
ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അപകടകരമായ പാര്‍ക്കിംഗ്, തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം എഐ കാമറ കൈയോടെ പിടികൂടും.
കാമറയുള്ള ഭാഗം എത്തുമ്പോള്‍ വേഗം കുറച്ച ശേഷം വീണ്ടും അമിതവേഗതയില്‍ പോകുന്ന രീതിക്കും ഇനിമുതല്‍ പിടിവീഴും. ഇതിനുപുറമേ ഒരു കാമറയില്‍ നിന്നും അടുത്ത കാമറ വരെ എത്താനുള്ള സമയം കണക്കുകൂട്ടിയും അമിതവേഗക്കാരെ എഐ കാമറകള്‍ കണ്ടെത്തുകയും ചെയ്യും. ഇവ ആദ്യഘട്ടത്തില്‍ ഉണ്ടായേക്കില്ല. മോട്ടോര്‍ വാഹനവകുപ്പാകും നോട്ടീസ് നല്‍കുക. നിയമം ലംഘിക്കുന്ന സമയം തന്നെ ഉടമകള്‍ക്ക് ഫോണില്‍ മെസേജ് ലഭിക്കും.
ദേ... ഇവിടൊക്കെയാണ് കാമറകള്‍
വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും തിരിയാനും സൂം സംവിധാനമുള്ളതുമായ 2 കാമറകള്‍ മറൈന്‍ ഡ്രൈവിലും അങ്കമാലി എന്‍എച്ച് ജംഗ്ഷനിലും, അങ്കമാലി ടെല്‍ക്, കരയാംപറന്പ്, വരാപ്പുഴ പാലം- 2 കാമറകൾ, വേങ്ങൂര്‍, കിടങ്ങൂര്‍, അരയന്‍കാവ്, പുത്തന്‍കാവ്, അരൂര്‍- തോപ്പുംപടി റോഡ്, അരൂര്‍, ഉദയംപേരൂര്‍, പരിപ്പ് ജംഗ്ഷന്, തിരുവാങ്കുളം, കാളമുക്ക്, കടാതി, കക്കടാശേരി, വാഴപ്പള്ളി, ഞാറയ്ക്കല്‍, അറക്കപ്പടി, ഓടക്കാലി, കൂനമ്മാവ്, ചെറുകുന്നം, പാത്തിപ്പാലം, ഇരിങ്ങോള്‍, പെരുമ്പാവൂര്‍, പെരുമ്പടന്ന, മന്നം, താമര വളവ്, അത്താണി, നായത്തോട്, കാലടി-മലയാറ്റൂര്‍ റോഡ്, മാല്യങ്കര, മൂത്തകുന്നം, അങ്ങാടിക്കടവ്, കുമ്പളം–പനങ്ങാട് പാലം, നെട്ടൂര്‍, വെല്ലിംഗ്ടണ്‍ ദ്വീപ്, കരിങ്ങാച്ചിറ, ആവോലി, ആനിക്കാട്, ഇരുമ്പനം, വാളകം, മുടിക്കല്‍, മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷന്, പട്ടിമറ്റം, മണ്ണൂര്‍, കീഴില്ലം, ഊന്നുകല്‍, വിമലഗിരി കോളജ് ജംഗ്ഷന്, കോഴിപ്പള്ളി, കോതമംഗലം ഗവ. ആശുപത്രി, നങ്ങേലിപ്പടി, പെരുമ്പാവൂരിനു സമീപം തഖ്വ നഗര്‍, പെരുമ്പാവൂര്‍ സിഗ്നല്‍, എഎം റോഡ് പെരുമ്പാവൂര്‍, കടുവാള്‍ ജംഗ്ഷന്, ചെറായി പാടം, മാഞ്ഞാലി പാലം, മറ്റൂര്‍.