നാഗോർണോ- കരാബാക് :പലായനം പൂർണമാകുന്നു
Sunday, October 1, 2023 12:27 AM IST
യെരവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തെ അർമേനിയൻ വംശജരിൽ ഭൂരിഭാഗവും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തു. ഒരു ലക്ഷത്തിലധികം പേർ എത്തിച്ചേർന്നതായി അർമേനിയൻ സർക്കാർ അറിയിച്ചു. നാഗോർണോയിൽ 1.2 ലക്ഷം അർമേനിയൻ ക്രൈസ്തവരാണ് ഉണ്ടായിരുന്നത്.
പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലായെന്ന കാര്യം യുഎൻ അഭയാർഥി ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. പലായനം ചെയ്തവർ ഭക്ഷണത്തിന്റെയും മരുന്നിന്റെയും അഭാവം നേരിടുന്നതായും യുഎൻ അറിയിച്ചു.
ഉദ്യോഗസ്ഥർ, അടിയന്തര സേവന മേഖലകളിലെ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരാണ് നാഗോർണോയിൽ അവശേഷിക്കുന്നതെന്ന് അർമേനിയൻ സർക്കാർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇവരും സ്വദേശം ഉപേക്ഷിക്കും.
നൂറ്റാണ്ടുകളായി അർമേനിയൻ ക്രൈസ്തവർ പാർത്തിരുന്ന നാഗോർണോ- കരാബാക് പ്രദേശം അസർബൈജാന്റെ ഭാഗമാണ്. സോവിയറ്റ് യൂണിയന്റെ പതനശേഷമുള്ള മൂന്നു പതിറ്റാണ്ടുകാലം അർമേനിയൻ വംശജരാണ് അർമേനിയൻ സർക്കാരിന്റെ പിന്തുണയോടെ ഇവിടം നിയന്ത്രിച്ചിരുന്നത്. രണ്ടാഴ്ച മുന്പ് അസർബൈജാന്റെ മിന്നലാക്രമണത്തിൽ നാഗോർണോയിലെ പോരാളികൾ കീഴടങ്ങിയതിനു പിന്നാലെയാണ് അർമേനിയയിലേക്കു പലായനം ആരംഭിച്ചത്.
നാഗോർണോ- കരാബാക് പ്രദേശം ജനുവരി ഒന്നിന് അസർബൈജാനിൽ ലയിക്കുമെന്ന് ഇവിടത്തെ സ്വയം പ്രഖ്യാപിത സർക്കാർ കഴിഞ്ഞദിവസം അറിയിച്ചു. നാഗോർണോ വാസികളെ തുല്യപൗരന്മാരായി പരിഗണിക്കുമെന്ന മുസ്ലിം ഭൂരിപക്ഷ അസർബൈജാന്റെ വാഗ്ദാനത്തിൽ വിശ്വാസമില്ലാത്തതാണ് അർമേനിയൻ വംശജരെ പിറന്നനാട് ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.
നാഗോർണോയിൽ വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അർമേനിയൻ സർക്കാർ ആരോപിക്കുന്നു. അസർബൈജാന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ നാഗോർണോയിലേക്ക് നിരീക്ഷണ സംഘത്തെ അയയ്ക്കുമെന്ന് യുഎൻ അറിയിച്ചിട്ടുണ്ട്.