‘ലൗദാത്തെ ദേവും’ പ്രകാശനം ചെയ്തു
Thursday, October 5, 2023 1:13 AM IST
വത്തിക്കാൻ സിറ്റി: സിനഡിന്റെ പ്രാരംഭ നടപടികൾക്കിടെ ലോകം മുഴുവനുംവേണ്ടി കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് മാർപാപ്പയുടെ പുതിയ സന്ദേശം ‘ലൗദാത്തെ ദേവും’ (ദൈവത്തെ സ്തുതിക്കുവിൻ) വത്തിക്കാൻ പ്രകാശനം ചെയ്തു.
ഈ സന്ദേശം 2015ൽ പുറത്തിറങ്ങിയ ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനത്തിന്റെ തുടർച്ചയാണെന്നു മാർപാപ്പ പറഞ്ഞു. ഇന്ന് ലോകവും മനുഷ്യരാശിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണെന്നും പ്രകൃതി നിലനിന്നാൽ മാത്രമേ മനുഷ്യന് അസ്തിത്വമുള്ളൂ എന്നും മറക്കരുത്. പ്രകൃതിക്കെതിരേയുള്ള ഏത് ആക്രമണവും മനുഷ്യകുലത്തിനുതന്നെ എതിരായുള്ള ആക്രമണമാണെന്നും പുതിയ ലേഖനത്തിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു.
പ്രകൃതിയുടെ സ്നേഹഗായകനും രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെട്ടവനും തന്റെ പേരിനു നിദാനവുമായ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ തന്നെ ഈ ചാക്രിക ലേഖനം പുറത്തിറക്കുന്നതിലുള്ള സന്തോഷവും മാർപാപ്പ പങ്കുവച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം സിനഡ് അംഗങ്ങൾ എല്ലാവരും പോൾ ആറാമൻ ഹാളിൽ ഒന്നിച്ചു ചേരുകയും സിനഡിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കർദിനാൾ സംഘത്തിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മരിയോ ഗ്രെക്കും ഫ്രാൻസിസ് മാർപാപ്പയും സിനഡ് അംഗങ്ങളെ അഭിസംബോധന ചെയ്തു.
ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ അഞ്ച് ഔദ്യോഗിക ഭാഷകളിലാണ് സിനഡൽ ചർച്ചകൾ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 82 വനിതകൾ മുഴുവൻ സമയവും സംബന്ധിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സിനഡിനുണ്ട്. പത്തുപേരുടെ ചെറിയ സംഘങ്ങളിലായി പതിനാലു മീറ്റിംഗുകളും 21 പൊതു മീറ്റിംഗുകളുമാണ് സിനഡിൽ ഉണ്ടാവുകയെന്ന് വത്തിക്കാൻ പ്രസ് ഒാഫീസ് അറിയിച്ചു.
19ന് അഭയാർഥികൾക്കും യുദ്ധങ്ങൾ മൂലം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവർക്കും വേണ്ടിയുള്ള പ്രത്യേക ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. വത്തിക്കാൻ ബസിലിക്കയിൽ സിനഡ് അംഗങ്ങൾ എല്ലാവരും ചേർന്നുള്ള അടുത്ത വിശുദ്ധ കുർബാനയർപ്പണം ഒൻപതിന് ആയിരിക്കുമെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൽനിന്ന് അഞ്ചു പിതാക്കന്മാരാണ് പങ്കെടുക്കുന്നത്. മേജർ ആർച്ച്ബിഷപ്പുമാരായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവരാണ് കേരളത്തിൽനിന്നു സിനഡിൽ സംബന്ധിക്കുന്നത്.
കർദിനാൾമാരായ ഒാസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, അന്തോണി പൂല, ആർച്ച് ബിഷപ് ജോർജ് അന്തോണി സ്വാമി, സിസ്റ്റർ മരിയ നിർമല എസി, സിസ്റ്റർ ലളിത തോമസ് എസ്ജെടി, മാത്യു തോമസ്, ഫാ. സിജീഷ് പുല്ലൻകുന്നേൽ എന്നിവരാണ് ഇന്ത്യക്കാരായ മറ്റ് അംഗങ്ങൾ.