ജബലിയ അഭയാർഥി ക്യാന്പ് ഇസ്രേലി സേന വളഞ്ഞു
Wednesday, December 6, 2023 1:17 AM IST
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ആക്രമണം കടുപ്പിച്ചതിനൊപ്പം വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പും വളഞ്ഞതായി ഇസ്രേലി സേന അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാന്പായ ജബലിയ, ഹമാസ് ഭീകരരുടെ താവളമാണെന്നു സേന പറഞ്ഞു.
ക്യാന്പിനുള്ളിലേക്കു കടന്ന സൈനികർ ഹമാസിന്റെ കമാൻഡ്- കൺട്രോൾ സെന്റർ പിടിച്ചെടുത്തു. ആയുധങ്ങൾ, മാപ്പുകൾ, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെനിന്നു കണ്ടെടുത്തു. ഹമാസിന്റെ സൈനിക കോന്പൗണ്ട് എന്നു വിശേഷിപ്പിക്കുന്ന കെട്ടിടത്തെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഗാസയിലെ എട്ട് അഭയാർഥി ക്യാന്പുകളിലൊന്നാണ് 1948ലെ യുദ്ധത്തിനു പിന്നാലെ സ്ഥാപിക്കപ്പെട്ട ജബലിയ. 1.4 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 1.16 ലക്ഷം പേർ പാർത്തിരുന്നുവെന്നാണ് യുഎൻ കണക്ക്.
ഇതിനിടെ, തെക്കൻ ഗാസയിൽ ഇസ്രേലി സേന ബോംബാക്രമണം തുടരുന്നു. കരയുദ്ധത്തിന് ഒരുങ്ങുന്ന സേന ഖാൻ യൂനിസ് നഗരത്തിലേക്കു ടാങ്കുകളുമായി നീങ്ങുകയാണ്. ഖാൻ യൂനിസിലെ പകുതി ജനങ്ങളും ഒഴിഞ്ഞുപോയി.
ഈജിപ്തിൽനിന്നു ഗാസയിലേക്കു സഹായവസ്തുക്കൾ കടത്തിവിടുന്നതിന് റാഫാ അതിർത്തിയോടു ചേർന്ന സ്ഥലങ്ങളിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിവരെ ഇസ്രയേൽ താത്കാലിക വെടിനിർത്തലിനു തയാറായി.
ഇസ്രേലി സേന വെസ്റ്റ് ബാങ്കിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ റെയ്ഡിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഗാസയിലെ സ്ഥിതിവിശേഷം ഒരോ മണിക്കൂറിലും മോശമായി വരികയാണെന്നു യുഎന്നും യൂണിസെഫും വീണ്ടും മുന്നറിയിപ്പു നല്കി. വെള്ളവും ഭക്ഷണവും ഇല്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാണു പലസ്തീനികളോട് ഇസ്രേലി സേന ആവശ്യപ്പെടുന്നതെന്നു യൂണിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.
63 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഒക്ടോബർ ഏഴിന് ഹമാസിന്റെ ഭീകരാക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 63 ആയി.
ഇതിൽ 56 പേർ പലസ്തീനികളും നാലു പേർ ഇസ്രേലികളും മൂന്നുപേർ ലബനീസ് പൗരന്മാരുമാണ്. 11 മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു. മൂന്നു മാധ്യമപ്രവർത്തകരെ കാണാതായി. 19 മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു.