കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധം; 80 പേർ അറസ്റ്റിൽ
Friday, May 9, 2025 12:56 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ എൺപതോളം വിദ്യാർഥികളെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഒരു സംഘം വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിലെ ബട്ലർ ലൈബ്രറി കൈയേറിയാണു സമരം നടത്തിയത്.
പലസ്തീൻ മാതൃകയിൽ ശിരോവസ്ത്രവും മാസ്കും ധരിച്ചാണ് വിദ്യാർഥികളെത്തിയത്. മുൻവർഷത്തെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റിയിൽ ഇത്തരം വേഷങ്ങൾക്ക് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നതാണ്.
മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർഥികൾ ലൈബ്രറിയിലെ അലമാരകളിൽ ‘ഫ്രീ പലസ്തീൻ’ എന്നെഴുതിവയ്ക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് ന്യൂയോർക്ക് പോലീസ് ലൈബ്രറിയിൽ കടന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. സമരത്തിനിടെ യൂണിവേഴ്സിറ്റിയിലെ രണ്ടു സുരക്ഷാ ജീവനക്കാർക്കു പരിക്കേറ്റു.
അറസ്റ്റിലായ വിദ്യാർഥികൾക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നാണു റിപ്പോർട്ട്. അറസ്റ്റിലായവരിൽ വിദേശ വിദ്യാർഥികളുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സമരത്തിൽ പങ്കെടുത്തവരുടെ വീസ രേഖകൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹമാസ് അനുകൂല ഗുണ്ടകൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ യുദ്ധമാരംഭിച്ചശേഷം അമേരിക്കൻ കാന്പസുകളിൽ ശക്തമായ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. ഈ വർഷം അമേരിക്കയിൽ അധികാരമേറ്റ പ്രസിഡന്റ് ട്രംപ് ഗാസ അനുകൂല വിദ്യാർഥികൾക്കെതിരേ കർശന നടപടികളാണു സ്വീകരിക്കുന്നത്.