ഇറാൻ-ഇസ്രയേൽ സംഘർഷം: ശ്രദ്ധയോടെ നീങ്ങാൻ റഷ്യ
Monday, June 16, 2025 3:26 AM IST
മോസ്കോ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ റഷ്യക്ക് നിർണായക ഇടപെടൽ നടത്താനായേക്കുമെന്നു വിലയിരുത്തൽ. ഒരേസമയം ഇറാനുമായി സാന്പത്തിക-സൈനിക ബന്ധങ്ങൾ നിലനിർത്തുകയും ഇസ്രയേലുമായി ഊഷ്മള ബന്ധം നിലനിർത്തുകയും ചെയ്ത രാജ്യമാണു റഷ്യ.
സംഘർഷത്തെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മഹമൂദ് പെസെഷ്കിയാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി സംസാരിച്ചു. പെസെഷ്കിയാനുമായുള്ള സംഭാഷണത്തിൽ ഇസ്രയേൽ ആക്രമണത്തെ അപലപിക്കുകയും അനുശോചനങ്ങൾ അറിയിക്കുകയും ചെയ്ത പുടിൻ ആണവപരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ റഷ്യ പല നീക്കങ്ങളും മുന്നോട്ടുവച്ചെന്നും പറഞ്ഞു.
രാഷ്ട്രീയവും നയതന്ത്രജ്ഞതയും ഉപയോഗിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നെതന്യാഹുവിനോട് പുടിൻ ആവശ്യപ്പെട്ടത്. പ്രശ്നങ്ങൾ വഷളാകാതിരിക്കാൻ മധ്യസ്ഥതയ്ക്ക് തയാറാണെന്നും പുടിൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.