കഗിസൊ റബാഡ തിരിച്ചെത്തുന്നു
Tuesday, May 6, 2025 12:52 AM IST
മുംബൈ: മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്നു സസ്പെന്ഷന് നേരിട്ട ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസൊ റബാഡ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നു. ഒരു മാസത്തെ വിലക്കിനുശേഷമാണ് റബാഡ തിരിച്ചെത്തുന്നത്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റബാഡ. ഇന്നു മുംബൈ ഇന്ത്യന്‍സിന് എതിരേ മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ റബാഡ ഗുജറാത്തിനൊപ്പം ഉണ്ടായേക്കും. ടീമിനൊപ്പം ചേര്‍ന്ന റബാഡ ഇന്നലെ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു.
10.75 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് 2025 മെഗാ താര ലേലത്തില്‍ റബാഡയെ സ്വന്തമാക്കിയത്. ഏപ്രില്‍ മൂന്നിനു റബാഡ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാമ്പില്‍നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ സ്വദേശത്തേക്കു മടങ്ങിയിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചതിനാലായിരുന്നു ഐപിഎല്ലില്‍നിന്നു പിന്മാറിയതെന്ന് റബാഡ കഴിഞ്ഞദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജനുവരി-ഫെബ്രുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗിലാണ് റബാഡ മയക്കു മരുന്ന് ഉപയോഗിച്ചത്.