യുക്രെയ്ന്റെ 3715 സൈനികരെ വധിച്ചു: റഷ്യ
Thursday, June 8, 2023 2:42 AM IST
മോസ്കോ: കുറേനാളായി യുക്രെയ്ൻ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യാക്രമണം തകർത്തുവെന്ന് റഷ്യ.
കിഴക്കൻ യുക്രെയ്നിലെ ഡോൺബാസിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 3,715 യുക്രെയ്ൻ സൈനികരെ വധിച്ചു. 52 ടാങ്കുകൾ, 207 കവചിത വാഹനങ്ങൾ, 134 കാറുകൾ, അഞ്ചു വിമാനങ്ങൾ, രണ്ടു ഹെലികോപ്റ്ററുകൾ എന്നിവ നശിപ്പിച്ചു. ജർമനി യുക്രെയ്നു നല്കിയ അത്യാധുനിക ലെപ്പേഡ് ടാങ്കുകളും ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു നേരിട്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
റഷ്യൻ ഭാഗത്ത് 71 പട്ടാളക്കാരാണു കൊല്ലപ്പെട്ടത്. 210 പേർക്കു പരിക്കേറ്റു. 15 ടാങ്കുകൾ നശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റഷ്യൻ അവകാശവാദത്തോടു യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം റഷ്യ പിടിച്ചെടുത്ത ബാക്മുത് നഗരത്തിൽ മുന്നേറുന്നതായിട്ടാണ് യുക്രെയ്ൻ സൈന്യം അറിയിച്ചത്.