ഹെർണിയ; ഫ്രാൻസിസ് മാർപാപ്പ ശസ്ത്രക്രിയയ്ക്കു വിധേയനായി
Thursday, June 8, 2023 2:42 AM IST
റോം: ഹെർണിയ രോഗം കടുത്തതുമൂലം ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. റോമിലെ ജെമേല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു.
രണ്ടു വർഷം മുന്പ് ഉദരവേദന കടുത്തതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കുടലിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഉദരവേദന വീണ്ടും തുടങ്ങിയതായി അദ്ദേഹം അടുത്തിടെ പറയുകയുണ്ടായി.
അപ്രതീക്ഷിതമായിട്ടാണ് വത്തിക്കാൻ വക്താവ്, മാർപാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുന്ന കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ മാർപാപ്പ പ്രതിവാര പൊതുദർശന പരിപാടിയിൽ പങ്കെടുത്തതാണ്. എന്നാൽ, ശസ്ത്രക്രിയയുടെ കാര്യമൊന്നും മാർപാപ്പ സൂചിപ്പിച്ചില്ല.
ചൊവ്വാഴ്ച ഇതേ ആശുപത്രിയിൽ പതിവുള്ള പരിശോധനകൾക്കായി മാർപാപ്പ എത്തിയിരുന്നു.
കുടലിനെ ബാധിക്കുന്ന ഹെർണിയ രോഗം മാർപാപ്പയെ കൂടെക്കൂടെ അലട്ടുകയാണെന്നും അദ്ദേഹം വളരെ വേദന അനുഭവിക്കുന്നുണ്ടെന്നും വത്തിക്കാൻ വക്താവ് വിശദീകരിച്ചു. ശസ്ത്രക്രിയ കൂടിയേ തീരൂ എന്ന് മാർപാപ്പയുടെ വൈദ്യസംഘമാണു നിശ്ചയിച്ചത്.
എൺപത്താറുകാരനായ ഫ്രാൻസിസ് മാർപാപ്പ അടുത്തകാലത്ത് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുട്ടുവേദനയാണ് ഒരു പ്രശ്നം. രണ്ടു മാസം മുന്പ് ബ്രോങ്കൈറ്റിസ് മൂലം അദ്ദേഹത്തിനു മൂന്നു ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. എന്നിരുന്നാലും പത്തു വർഷമായി സഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പ പൊതുവേ ആരോഗ്യവാനാണ്.