ശസ്ത്രക്രിയ വിജയകരം; തമാശ പറഞ്ഞ് മാർപാപ്പ
Friday, June 9, 2023 12:03 AM IST
റോം: ഹെർണിയ രോഗം മൂലം ഉദരശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണിയും റോമിലെ ജെമേല്ലി ആശുപത്രി സർജൻ സെർജിയോ അൽഫിയേരിയും അറിയിച്ചു.
ബുധനാഴ്ച രാത്രി അദ്ദേഹം സുഖമായി ഉറങ്ങി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ടെസ്റ്റുകൾക്ക് ഇന്നലെ വിധേയനായി. രോഗമുക്തി ആശംസിക്കുന്ന സന്ദേശങ്ങൾ മാർപാപ്പയെ അറിയിച്ചു. എല്ലാറ്റിനും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവരും പ്രാർഥിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടതായി മത്തെയോ ബ്രൂണി അറിയിച്ചു.
മൂന്നു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിൽ സങ്കീർണതകളുണ്ടായില്ലെന്ന് സർജൻ സെർജിയോ അൽഫീരി പറഞ്ഞു. “അനസ്തേഷ്യ മൂലമുള്ള പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നില്ല; അദ്ദേഹം സുബോധത്തിലാണ്. എന്നോടു ചില തമാശകൾ പറഞ്ഞു. സാധാരണ രീതിയിൽതന്നെ പൂർണ ആരോഗ്യവാനായി ആശുപത്രി വിടാനാകും. നേരത്തത്തെപ്പോല പതിവു പരിപാടികൾ നടത്താനും യാത്ര ചെയ്യാനും കഴിയും. ഭാരമുള്ള വസ്തുക്കൾ എടുക്കുന്നത് ഒഴിവാക്കിയാൽ മതി” - ഡോക്ടർ കൂട്ടിച്ചേർത്തു.
മാർപാപ്പ അഞ്ചുമുതൽ ഏഴുദിവസം ആശുപത്രിയിൽ ചെലവഴിച്ചേക്കും. 18 വരെ അദ്ദേഹം സന്ദർശകരെ സ്വീകരിക്കില്ലെന്ന് വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ജെമേല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.