യുക്രെയ്ൻ പ്രത്യാക്രമണം തുടങ്ങിയെന്ന്
Saturday, June 10, 2023 12:14 AM IST
കീവ്: റഷ്യൻ അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യുക്രെയ്ൻ സേന ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്. ഏറെനാളായി യുക്രെയ്ൻ പ്രഖ്യാപിക്കുന്ന പ്രത്യാക്രമണം തുടങ്ങിയെന്നാണു യുദ്ധകാര്യങ്ങൾ നരീക്ഷിക്കുന്ന അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐഎസ്ഡബ്ല്യു) അറിയിച്ചത്. മിലിട്ടറി ബ്ലോഗർമാരും റഷ്യൻ നേതൃത്വവും ഇക്കാര്യം സൂചിപ്പിച്ചു.
സാപ്പോറിഷ്യയിലെ റഷ്യൻ മുന്നണി ഭേദിക്കാനായി കഴിഞ്ഞ രാത്രികളിൽ വൻ ആക്രമണം യുക്രെയ്ൻ സേന നടത്തിയെന്നാണു സൂചന. ടാങ്കുകൾ, പീരങ്കികൾ, ഡ്രോണുകൾ എന്നിവ ആക്രമണത്തിന് ഉപയോഗിച്ചു.
ക്രിമിയ മുതൽ ഡോൺബാസ് വരെ നീണ്ടു കിടക്കുന്ന റഷ്യൻ അധിനിവേശ ഭൂമിയിൽ വിള്ളലുണ്ടാക്കാനായി സാപ്പോറിഷ്യ കേന്ദ്രീകരിച്ചായിരിക്കും യുക്രെയ്ന്റെ പ്രത്യാക്രമണമെന്നു നേരത്തേ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
അതേസമയം, യുക്രെയ്ൻ സേനയുടെ പ്രത്യാക്രമണം ഞായാറാഴ്ച തുടങ്ങിയെന്നാണു റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്. എല്ലാ ആക്രമണങ്ങളും പരാജയപ്പെടുത്തിയെന്നും 6000-ത്തിനു മുകളിൽ യുക്രെയ്ൻ സൈനികരെ വധിക്കുകയും നൂറിലധികം ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
എന്നാൽ, പ്രത്യാക്രമണം സംബന്ധിച്ച് വ്യക്തമായ പ്രതികരണം നല്കാൻ യുക്രെയ്ൻ വൃത്തങ്ങൾ തയാറായിട്ടില്ല. റഷ്യൻ മുന്നണിയിലെ ദുർബലഭാഗം കണ്ടെത്താനായി ചെറിയ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന സൂചനയാണ് അവർ നല്കുന്നത്.
ഇതിനിടെ, തെക്കുപടിഞ്ഞാറൻ റഷ്യയിലെ വെറോനിയേഷ് നഗരത്തിലെ പാർപ്പിടസമുച്ചയത്തിൽ ഡ്രോൺ തകർന്നുവീണ് മൂന്നു പേർക്കു നിസാര പരിക്കേറ്റു.
യുക്രെയ്നിൽ കഴിഞ്ഞദിവസം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കീവിനു പടിഞ്ഞാറ് സൈറ്റോമിറിൽ ഒരാൾ കൊല്ലപ്പെട്ടു.