"ഓപ്പറേഷൻ ഹോപ്പ്' ഫലം കണ്ടു
Sunday, June 11, 2023 12:24 AM IST
പുലിയും പാന്പും വിഹരിക്കുന്ന കൊടുംവനത്തിൽ കുടിവെള്ളവും ഭക്ഷണവുമില്ലാതെ നാലു കുട്ടികൾ 40 ദിവസം അതിജീവിച്ചതിന്റെ അദ്ഭുതത്തിലാണ് ലോകം.
ദിവസവും 16 മണിക്കൂർ മഴ പെയ്യുന്നതും സസ്യജാലങ്ങളുടെ നിബിഡതമൂലം കാഴ്ച പരിമിതവുമായ ഈ കാട്ടിൽ മയക്കുമരുന്നു സംഘങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ നില അപകടത്തിലാക്കിയിരുന്നു. ഈ പിഞ്ചുസഹോദരങ്ങളുടെ രക്ഷപ്പെടലിനു സഹായകമായത് കാടുമായുള്ള നിത്യപരിചയം മാത്രമാണ്.
പുലി വിഭാഗത്തിൽപ്പെടുന്ന ജഗ്വാറുകള്, പൂമകള് തുടങ്ങിയ ഹിംസ്രമൃഗങ്ങളും പാന്പുകളും ധാരാളമുള്ള കാടാണ്. ഇവയ്ക്കുപുറമേ മയക്കുമരുന്നു കടത്തുന്ന ക്രിമിനൽ സംഘങ്ങളും സജീവം. ശുദ്ധജലമോ മരുന്നുകളോ കുട്ടികൾക്കു ലഭ്യമല്ല. കൊതുക് ധാരാളമുണ്ട്. മലേറിയ, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതൽ.
ഹുയിറ്റാട്ടോ എന്നുവിളിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണു കുട്ടികൾ. ജനനം മുതൽ കാടു പരിചിതമായവരാണ് ഇവർ. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ധാരാളമുണ്ടായിരുന്ന ഈ ജനവിഭാഗത്തിന്റെ എണ്ണം ഇപ്പോൾ അരലക്ഷമായി ചുരുങ്ങിയിരിക്കുന്നു.
കാടിനെ ആശ്രയിച്ചു ജീവിക്കുന്നതാണ് ഇവരുടെ സംസ്കാരം. കുഞ്ഞുന്നാൾ മുതലേ കുട്ടികൾക്കു കാടിനെ നന്നായി അറിയാമെന്നാണ് മുത്തച്ഛൻ ഫിഡെന്സിയോ വലെന്സിയ പറഞ്ഞത്. ഹുയിറ്റാട്ടോ വിഭാഗക്കാർ കാട്ടിലൂടെ സഞ്ചരിച്ച് ഭക്ഷ്യയോഗ്യമായതും വിഷമുള്ളതുമായ സസ്യങ്ങൾ വേർതിരിക്കുന്നതും ഇതുസംബന്ധിച്ച അറിവുകൾ കുട്ടികൾക്ക് പകരുന്നതും പതിവായിരുന്നു. കാട്ടിലെ അതിജീവനത്തിനു കുട്ടികളെ സഹായിച്ചത് ഈ അറിവാണ്.
കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ പലവിധ മാർഗങ്ങൾ തെരച്ചിൽ സംഘം പ്രയോഗിച്ചിരുന്നു. വലിയ വെല്ലുവിളി ഉയർത്തിയ രക്ഷാദൗത്യത്തിന് "ഓപ്പറേഷൻ ഹോപ്പ്’എന്നായിരുന്നു പേരിട്ടത്. കുട്ടികൾ വനത്തിനുള്ളിലൂടെ അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കാൻ നിർദേശം നൽകുന്ന സന്ദേശം അവരുടെ മുത്തശി മരിയ ഫാത്തിമ വലൻസിയയുടെ ശബ്ദത്തിൽ കേൾപ്പിക്കുന്നതിനായി ഒരു ഹെലികോപ്റ്റർ രക്ഷാപ്രവർത്തകർ ഉപയോഗിച്ചിരുന്നു.
അതിജീവനത്തിന്റെ മാർഗങ്ങൾ നിർദേശിക്കുന്ന ലഘുലേഖകൾ കാട്ടിൽ വിതറുകയുണ്ടായി. എവിടെനിന്നും കാണാൻ കഴിയുന്ന വിധത്തിലുള്ള സെർച്ച് ലൈറ്റുകൾ രാത്രി ആകാശത്തേക്ക് പ്രകാശിപ്പിച്ചു കൊണ്ടിരുന്നു.
കുട്ടികൾ ജീവനോടെയുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ രക്ഷാസംഘത്തിനു ലഭിക്കുന്നുണ്ടായിരുന്നു. കന്പുകൾകൊണ്ടുണ്ടാക്കിയ കൂടാരവും കാൽപാടുകളും പ്രതീക്ഷ വർധിപ്പിച്ചു. തെരച്ചിൽസംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളും ചില തെളിവുകൾ കണ്ടെത്തി. 40 ദിവസത്തെ തെരച്ചിലിനുശേഷം വെള്ളിയാഴ്ച രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾ ഫലം കണ്ടു.

ആ അദ്ഭുതം!
ആഴ്ചകൾ നീണ്ടുനിന്ന, കഠിനവും വൈകാരികവുമായ ഒരു തെരച്ചിലായിരുന്നു അത്. അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒന്ന്.
കൊളംബിയയിലെ ആമസോൺ കാട്ടിൽ വിമാനം തകർന്നു കാണാതായ 13, 9, 4, വയസും 11 മാസവും പ്രായമുള്ള നാലു കുട്ടികൾ 40 ദിവസം കാട്ടിൽ അലഞ്ഞു. ഇളയവനായ ക്രിസ്റ്റിന്റെ ആദ്യ ജന്മദിനവും കുട്ടികൾ ഒറ്റയ്ക്കു കാട്ടിൽ ആഘോഷിച്ചു. നാല്പതാം നാൾ ഏകീകൃത കമാൻഡ് പോസ്റ്റിൽ (പിഎംയു) നാലു തവണ മിറക്കിൾ (അദ്ഭുതം) എന്ന കോഡ് വാക്ക് കേട്ടു - ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടികളെ ജീവനോടെ കണ്ടെത്തി. ഒടുവിൽ സുരക്ഷിതമായി കൊണ്ടുവരാൻ കഴിഞ്ഞു.
മേയ് 1: രാവിലെ 7.35 ന് ഒരു സെസ്ന എച്ച്കെ 2803 ചെറുവിമാനം ഗ്വാവിയറിനും കാക്വെറ്റയ്ക്കും ഇടയിലുള്ള അതിർത്തിയിൽ റഡാറിൽനിന്ന് അപ്രത്യക്ഷമായി. എൻജിൻ തകരാറുകളുണ്ടെന്ന് പൈലറ്റ് ഹെർണൻ മുർസിയ നേരത്തേ വ്യക്തമാക്കിയിരുന്നു.
മേയ് 3: കാണാതായവർക്കായി തെരച്ചിൽ ആരംഭിക്കുന്നു. സാൻ ജോസ് ഡെൽ ഗ്വാവിയറിനു തെക്കുള്ള ഒരു കാട്ടുപ്രദേശത്താണ് തെരച്ചിൽ കേന്ദ്രീകരിച്ചത്. രണ്ട് മുതിർന്നവരും നാല് പ്രായപൂർത്തിയാകാത്തവരും പൈലറ്റുമാണ് വിമാനത്തിലെ യാത്രികർ. രക്ഷാപ്രവർത്തകർ വിമാനത്തിന്റെയും ഏഴു യാത്രക്കാരുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.
മേയ് 8: അപ്രത്യക്ഷമായി ഒരാഴ്ച കഴിഞ്ഞിട്ടും വിമാനത്തിന്റെയോ അതിൽ ഉണ്ടായിരുന്നവരുടെയോ ഒരു തുന്പും കണ്ടെത്താനായില്ല. കര, വ്യോമ തെരച്ചിൽ സംഘത്തിൽ 60 എലൈറ്റ് ആർമി സ്പെഷൽ ഫോഴ്സ് യൂണിറ്റുകളും കാണാതായവരുടെ ഒരുകൂട്ടം ബന്ധുക്കളുണ്ടായിരുന്നു.
മേയ് 15: വിമാനത്തിലുണ്ടായിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന്റെ പാൽക്കുപ്പി തെരച്ചിൽസംഘം കാട്ടിൽ കണ്ടെത്തുന്നു.
മേയ് 16: കാക്വെറ്റയിലെ സോളാനോ മുനിസിപ്പാലിറ്റിയിലെ പാൽമ റോസ ഗ്രാമത്തിൽ തകർന്ന സെസ്ന വിമാനം കണ്ടെത്തിയതായി സിവിൽ ഏവിയേഷൻ സ്ഥിരീകരിക്കുന്നു. കാണാതായ മൂന്നു മുതിർന്നവരുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. നാലു കുട്ടികളെക്കുറിച്ച് ഒരു അറിവുമില്ല. വിമാനാവശിഷ്ടത്തിനു സമീപം ഒരു കളിവീടും രക്ഷാപ്രവർത്തകർ കണ്ടെത്തുന്നു. കാട്ടുപഴങ്ങളുടെ അവശിഷ്ടവും കളിവീട്ടിൽനിന്ന് കണ്ടെടുക്കുന്നു.
മേയ് 17: കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തെരച്ചിൽ സംഘം ശക്തമാക്കുന്നു. ലെസ്ലി ജക്കോബോ ബൊംബെയ്ർ (13), സൊലസ്നി റോനോക് മകുത്വി (9), ടിയെൻ നോറിയെൽ റാനോക് മകുത്വി (4), 11 മാസം പ്രായമുള്ള ക്രിസ്റ്റ്യാൻ നെരിമൻ റാനോക് മകുത്വി എന്നിവരെക്കുറിച്ച് വിവരമില്ല. തെരച്ചിൽ ഊർജിതമാക്കിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. സ്പെഷൽ കമാൻഡിലെ 100 പേർ, മൂന്ന് നായ്ക്കൾ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് ഉൾപ്പെടെ എട്ടു സ്വദേശികൾ എന്നിവർ തെരച്ചിൽ സംഘത്തിൽ.
മേയ് 17 വൈകുന്നരം 3.30: തകർന്ന വിമാനത്തിന്റെ ഉടമയായ ഏവിയാൻലൈൻ ചാർട്ടേഴ്സ് എയർലൈൻസിന്റെ പൈലറ്റിനോട് കാച്ചിപോറോ നിവാസികൾ കുട്ടികളെ കണ്ടെത്തിയതായി അറിയിച്ചു.
4.07: കുട്ടികളെ കണ്ടെത്തിയതായി റേഡിയോ സ്റ്റേഷൻ അറിയിപ്പ്.
4.25: കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ട്വീറ്റ്.
6.00: കുട്ടികളെ ഇതുവരെ കണ്ടെത്തിയില്ലെന്ന് സൈന്യം.
മേയ് 18: കുട്ടികൾ സുഖമായിരിക്കുന്നുവെന്നും രക്ഷാപ്രവർത്തനം നടത്തുന്ന എയ്റോസിവിൽ ഡയറക്ടർ സെർജിയോ പാരീസിനൊപ്പം താൻ പ്രദേശത്തേക്ക് പോകുമെന്നും ഐസിബിഎഫ് ഡയറക്ടർ ആസ്ട്രിഡ് കാസെറസ് റേഡിയോ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്കായുള്ള തെരച്ചിൽ വീണ്ടും ഊർജിതമാക്കി. കുട്ടികളുടെ പാദത്തിന്റെ അടയാളം കാട്ടിൽ കണ്ടെത്തുന്നു. കുട്ടികളെ കണ്ടെത്തിയെന്ന് ട്വീറ്റ് പ്രസിഡന്റ് പെട്രോ നീക്കം ചെയ്യുന്നു.
മേയ് 19: തെരച്ചിൽ സംഘത്തിനൊപ്പം 50 സൈനികരും കുട്ടികളുടെ പിതാവിനൊപ്പം തദ്ദേശീയരുടെ ഒരു പുതിയ സംഘവും ചേരുന്നു.
മേയ് 20: വിമാനത്തിൽനിന്ന് കുട്ടികളുടെ പേരുവിളിച്ച് കാട്ടിൽ അവരുടെ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും സൈന്യം എയർഡ്രോപ്പ് ചെയ്തു.
മേയ് 24: കുട്ടികൾ ജീവനോടെയുണ്ടെന്നതിനുള്ള പുതിയ തെളിവ് ലഭിക്കുന്നു. വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് 560 കിലോമീറ്റർ ചുറ്റളവിനുള്ളിൽനിന്ന് ഒരു ജോഡി ചെരുപ്പ്, ഉപയോഗിച്ച ഡയപ്പർ, ഒരു പച്ച ടവ്വൽ, കാൽപ്പാടുകൾ എന്നിവ കണ്ടെത്തി. പിങ്ക് നിറത്തിലുള്ള തൊപ്പിയും മൊബൈൽ ഫോണിന്റെ ഫ്രെയിമും ലഭിച്ചു.
മേയ് 26: കാണാതായ കുട്ടികളിൽ ഏറ്റവും ഇളയവളായ ക്രിസ്റ്റ്യാൻ നെരിമൻ റാനോക് മകുത്വിയുടെ ജന്മദിനം.
മേയ് 30: കുട്ടികൾ എവിടെയാണെന്ന് കൂടുതൽ സൂചനകൾ ലഭിച്ചു. 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു പുതിയ തന്ത്രം (റിഫ്ളക്ടറുകളുടെയും ഫ്ലോർ ലൗഡ്സ്പീക്കറുകളുടെയും ഉപയോഗം) നടപ്പിലാക്കുമെന്ന് സായുധസേന പ്രഖ്യാപിച്ചു,
ജൂണ് 8: രക്ഷാപ്രവർത്തനം നടത്തുന്ന നായ്ക്കളിൽ ഒന്നിനെ കാണാതായി. വിൽസണ് എന്നുപേരുള്ള നായ കുട്ടികൾക്കൊപ്പമാണെന്ന് രക്ഷാപ്രവർത്തകർ അനുമാനിക്കുന്നു.
ജൂണ് 9: നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിക്കുന്നു.
കാട്ടിലെ പരിചയം കുട്ടികൾക്കു തുണയായി: ഗുസ്താവോ പെട്രോ
ബൊഗോട്ട: വിമാനം തകർന്ന് ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികൾ രക്ഷപ്പെട്ടതു ചരിത്രസംഭവമെന്നു കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. കാടിന്റെ മക്കളെപ്പോലെ അവർ ദുർഘടസാഹചര്യത്തെ അതിജീവിച്ചു.
ഗോത്രവിഭാഗത്തിൽപ്പെട്ടവരായതും വനത്തിലെ ജീവിതത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതും അവർക്കു തുണയായി. വലിയൊരു സാഹസികതയാണു ഈ കൊച്ചുകുട്ടികൾ ലോകത്തിനുമുന്പാകെ നൽകുന്നത്.
കാടിന്റെ മക്കളായ അവർ ഇപ്പോൾ കൊളംബിയയുടെയും മക്കളാണ്. രാജ്യത്തിനാകെ സന്തോഷം പകരുന്ന നിമിഷമാണിത്. അവരെ പ്രോത്സാഹിപ്പിക്കാനായി അവർക്കരികിലേക്കു താൻ പോകുകയാണെന്നും പെട്രോ കൂട്ടിച്ചേർത്തു.
അതേസമയം, മെഡിക്കൽ സംഘമെത്തി വനത്തിൽവച്ച് കുട്ടികൾക്ക് അടിയന്തര ശുശ്രൂഷ നൽകിയിരുന്നു. എയർ ആംബുലൻസിൽ വച്ചും ചികിത്സ ലഭ്യമാക്കി. ബൊഗോട്ടയിലെ സൈനിക ആശുപത്രിയിലാണ് കുട്ടികളിപ്പോൾ ചികിത്സയിൽ കഴിയുന്നത്.
മകൾ മരിച്ച ദുഃഖത്തിലും കൊച്ചുമക്കളെ ജീവനോടെ തിരികെലഭിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികളുടെ വല്യമ്മ മരിയ ഫാത്തിമ വൻസിയ. “കൊച്ചുമക്കളെ കെട്ടിപ്പിടിച്ചൊരു മുത്തം നൽകാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ സന്ദർഭത്തിനായി ഞാൻ കാത്തിരിക്കുന്നു. അവരെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്’’-മരിയ പറഞ്ഞു.