വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി
Sunday, June 11, 2023 12:24 AM IST
ബൊഗോട്ട: കൊളംബിയയിൽ ആമസോൺ വനത്തിൽ വിമാനം തകർന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തെ തെരച്ചിലിനുശേഷം ജീവനോടെ കണ്ടെത്തി.
11 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള സഹോദരങ്ങളെയാണ് നിബിഡ വനമേഖലയിൽനിന്നു സൈന്യം രക്ഷപ്പെടുത്തിയത്. ലെസ്ലി ജക്കോബോ ബൊംബെയ്ർ(13), സൊലസ്നി റോനോക് മകുത്വി (9), ടിയെൻ നോറിയെൽ റോനോക് മകുത്വി(4), 11 മാസം പ്രായമുള്ള ക്രിസ്റ്റ്യാൻ നെരിമൻ റോനോക് മകുത്വി എന്നിവരാണു ലോകത്തെ അദ്ഭുതപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവന്നത്.
കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സൈന്യം അറിയിച്ചു. നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്. അസാധാരണവും വിസ്മയകരവുമായ രക്ഷാപ്രവർത്തനം വിജയം കണ്ടെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. രാജ്യത്തിനാകെ സന്തോഷം പകരുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ സഞ്ചരിച്ച സെസ്ന-206 വിമാനം ആമസോണാസ് പ്രവിശ്യയിലെ അരാറക്വാറയില്നിന്ന് സാന്‍ ഹൊസെ ഡേല്‍ ഗ്വവിയാരേ നഗരത്തിലേക്കുള്ള യാത്രാമധ്യേ മേയ് ഒന്നിന് ആമസോണ്‍ വനമേഖലയിൽ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ എൻജിനു സംഭവിച്ച തകരാറായിരുന്നു അപകടകാരണം.
നാലു കുട്ടികളടക്കം ഏഴു പേരായിരുന്നു ചെറുവിമാനത്തിലുണ്ടായിരുന്നത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു ബന്ധുവിന്റെയും പൈലറ്റിന്റെയും മൃതദേഹങ്ങൾ കാക്വെറ്റ സംസ്ഥാനത്തിൽപ്പെട്ട സൊളാനോയിലെ വനമേഖലയിൽ വിമാനാവശിഷ്ടങ്ങള്ക്കു സമീപം കണ്ടെടുത്തിരുന്നു.