ഹമാസും ഇസ്രയേലും വെടിനിർത്തലിന്റെ വക്കിലെന്ന്
Monday, November 20, 2023 12:58 AM IST
വാഷിംഗ്ടൺ ഡിസി: ഗാസയിൽ താത്കാലിക വെടിനിർത്തലിനു ധാരണയെന്ന് വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. അഞ്ചു ദിവസം വെടിനിർത്തുന്നതിനു പകരമായി സ്ത്രീകളും കുട്ടികളും അടക്കം അന്പതോളം ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണു പറയുന്നത്. എന്നാൽ, യുഎസും ഇസ്രയേലും റിപ്പോർട്ട് നിഷേധിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തലിനായി ആറു പേജുള്ള താത്കാലിക ധാരണ ഉണ്ടാക്കിയെന്നു റിപ്പോർട്ടിൽ പറയുന്നു. ഓരോ ദിവസവും കുറച്ചു പേരെ വീതം മോചിപ്പിക്കാമെന്നാണു ഹമാസിന്റെ വാഗ്ദാനം. വെടിനിർത്തൽ കാലയളവിൽ ഗാസയിലേക്കു സഹായമെത്തിക്കും. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്.
എന്നാൽ, വെടിനിർത്തൽ ധാരണ പരിഗണനയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാമെങ്കിൽ താത്കാലിക വെടിനിർത്തൽ പരിഗണിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തലിനു ധാരണ ആയിട്ടില്ലെന്നും ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് അഡ്രിയാൻ വട്സൺ പ്രതികരിച്ചു.
ഇതിനിടെ, ഇസ്രേലി സർക്കാരിനുമേൽ സമ്മർദം വർധിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ഗാസയിൽ മരണസംഖ്യ ഉയരുന്നത് അന്താരാഷ്ട്ര തലത്തിലും ബന്ദികൾ മോചിപ്പിക്കപ്പെടാത്തത് ആഭ്യന്തരതലത്തിലും സമ്മർദം വർധിപ്പിക്കുന്നു.
ബന്ദികളുടെ കുടുംബാംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും
വത്തിക്കാന് സിറ്റി: ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ കുടുംബാംഗങ്ങളുമായും ഗാസയിൽ വേരുകളുള്ള പലസ്തീനികളുമായും ഫ്രാൻസിസ് മാർപാപ്പ വെവ്വേറെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വത്തിക്കാനിലായിരിക്കും കൂടിക്കാഴ്ചകൾ.
ഇസ്രയേലിലും ഗാസയിലും ദുരിതമനുഭവിക്കുന്നവരോടു തനിക്കുള്ള അടുപ്പം വ്യക്തമാക്കാൻ മാർപാപ്പ ആഗ്രഹിക്കുന്നതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രതിവാര പൊതുദർശന പരിപാടിക്കു മുന്പായി 12 ഇസ്രേലി ബന്ദികളുടെ കുടുംബാംഗങ്ങളെ മാർപാപ്പ കാണുമെന്നാണു സൂചന.
ബന്ദികളെ ഉടൻ വിട്ടയയ്ക്കണമെന്നും ഗാസയിൽ വെടിനിർത്തൽ വേണമെന്നും മാർപാപ്പ പലതവണ ആവശ്യപ്പെട്ടിരുന്നു.