ഗാസയിൽ വെടിനിർത്തൽ ഇന്നുമുതൽ; 13 ബന്ദികളെ ഇന്നു മോചിപ്പിക്കും
Friday, November 24, 2023 1:37 AM IST
ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഇന്നു രാവിലെ നിലവിൽ വരും. നേരത്തെ വ്യാഴാഴ്ച വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്നായിരുന്നു റിപ്പോർട്ട്.
ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീനികളെയും വിട്ടയയ്ക്കുന്നത് ഇന്നാരംഭിക്കുമെന്ന് വെടിനിർത്തൽ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ച ഖത്തർ അറിയിച്ചു. മോചിപ്പിക്കുന്നവരുടെ പട്ടിക ഇരു കൂട്ടരും കൈമാറി.
സ്ത്രീകളും കുട്ടികളുമടക്കമുള്ള 13 ബന്ദികളെ ഇന്ന് വൈകുന്നേരം നാലിന് ഹമാസ് മോചിപ്പിക്കും. ഇവരെ റെഡ്ക്രോസിനാണു കൈമാറുക. ഇവരെ മോചിപ്പിച്ചാലുടൻ 39 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും. കാര്യങ്ങൾ സുഗമമായി നടന്നാൽനാലു ദിവസംകൊണ്ട് 50 ബന്ദികളുടെയും 150 പലസ്തീനികളുടെയും മോചനം സാധ്യമാകും. വെടിനിർത്തൽ നീളുന്ന ഓരോ ദിവസവും 10 ബന്ദികളെ വീതം മോചിപ്പിക്കും.
നാലു ദിവസംകൊണ്ട് 50 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. 150 പലസ്തീൻകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക. ഗാസയുടെ വടക്കും തെക്കും വെടിനിർത്തൽ പ്രാബല്യത്തിലാകും.
പ്രാദേശിക സമയം ഇന്നു രാവിലെ ഏഴിനു വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ്-അൽ-അൻസാരി അറിയിച്ചു. ഹമാസുമായി ചർച്ച നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ഇദ്ദേഹം.
ഇസ്രയേൽ-ഹമാസ് ധാരണയുടെ ഭാഗമായി, ഗാസയിലേക്കു ദിവസവും അവശ്യസാധനങ്ങളുമായി 200 ട്രക്കുകളും ഇന്ധനവുമായി നാലു ട്രക്കുകളും അനുവദിക്കും.
വ്യാഴാഴ്ച രാവിലെ ആരംഭിക്കേണ്ടിയിരുന്ന വെടിനിർത്തൽ അവസാന മിനിറ്റിലാണ് ഇന്നത്തേക്കു നീണ്ടത്. ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാക്കി ഹനേഗ്ബിയാണ് വെടിനിർത്തലിനു ഒരുദിവസംകൂടി താമസമുണ്ടെന്ന് ബുധനാഴ്ച അർധരാത്രി പ്രഖ്യാപിച്ചത്.
അൽ ഷിഫ ആശുപത്രി ഡയറക്ടർ കസ്റ്റഡിയിൽ
ഗാസയിലെ അൽ ഷിഫ ആശുപത്രി ഡയറക്ടർ അബു സലാമിയയെ ഇന്നലെ ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി(ഐഎസ്എ) ചോദ്യംചെയ്യും. സലാമിയയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നതിനു തെളിവു ലഭിച്ചതായി ഇസ്രേലി സേന അറിയിച്ചു.