സിയേറ ലിയോണിൽ അട്ടിമറിനീക്കം; രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു
Monday, November 27, 2023 1:37 AM IST
ഫ്രീടൗൺ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ അട്ടിമറിനീക്കത്തെത്തുടർന്ന് പ്രസിഡന്റ് ജൂലിയസ് മാദാ ബിയോ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഫ്രീടൗണിലെ പ്രധാന സൈനിക ബാരക്കുകളിലും ആക്രമണമുണ്ടായതിനു പിന്നാലെയാണു നടപടി.
പ്രധാന ജയിലിലും അക്രമികൾ കടന്നുകയറി തടവുകാരെ തട്ടിക്കൊണ്ടുപോയി. നിരവധി തടവുകാരെ മോചിപ്പിച്ചു. പദെംബ റോഡ് ജയിലിൽ 2000 തടവുകാരുണ്ടായിരുന്നു. നഗരത്തിന്റെ അതിർത്തിയിലേക്ക് അക്രമികളെ സുരക്ഷാസേന തുരത്തി. ഏറ്റുമുട്ടൽ തുടരുകയാണ്. പടിഞ്ഞാറൻ ആഫ്രിക്ക രാജ്യങ്ങളിൽ പട്ടാള അട്ടിമറി തുടർ സംഭവമായി മാറിയിരിക്കുകയാണ്.
ഇന്നലെ രാവിലെയാണ് അജ്ഞാത അക്രമിസംഘം വിൽബർഫോഴ്സ് ബാരക്കുകളിൽ വെടിവയ്പു നടത്തിയത്. രണ്ടു മാസം മുന്‍പാണു ബിയോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നു മുഖ്യ പ്രതിപക്ഷ പാർട്ടി ആരോപിച്ചിരുന്നു. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണു നടന്നതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻരാജ്യങ്ങളുടെ സംഘടനയായ ഇക്കോവാസ് പറഞ്ഞു. സിയേറ ലിയോണും ഇക്കോവാസിൽ അംഗമാണ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ 2020നു ശേഷം എട്ട് പട്ടാള അട്ടിമറിയാണുണ്ടായത്.
ഈ വർഷം നൈജറിലും ഗാബോണിലും ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചു. സിയേറ ലിയോണിൽ 11 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ പതിനായിരങ്ങളാണു കൊല്ലപ്പെട്ടത്. രാജ്യത്തെ 70 ലക്ഷം ജനങ്ങളിൽ അറുപതു ശതമാനം ദരിദ്രരാണ്.