കാലാവസ്ഥാ ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കില്ല
Thursday, November 30, 2023 1:15 AM IST
വത്തിക്കാൻ സിറ്റി: ദുബായിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. ചെറിയ പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മാർപാപ്പ, ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് ദുബായ് യാത്ര റദ്ദാക്കിയത്.
വലിയ ഖേദത്തോടെയാണ് മാർപാപ്പ ദുബായ് യാത്ര റദ്ദാക്കിയതെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിരുന്നു മാർപാപ്പയുടെ ദുബായ് സന്ദർശനം നിശ്ചയിച്ചിരുന്നത്. നവംബർ 30 മുതൽ ഡിസംബർ 12വരെയാണു കാലാവസ്ഥാ ഉച്ചകോടി നടക്കുക.
ഇന്നലെ പൊതു സന്ദർശനം നടത്തിയെങ്കിലും മാർപാപ്പ പ്രസംഗിച്ചില്ല. സഹായിയാണു പ്രസംഗം വായിച്ചത്.