വെടിനിർത്തൽ രണ്ടു ദിവസം കൂടി നീട്ടാൻ ശ്രമം
Friday, December 1, 2023 2:03 AM IST
ടെൽ അവീവ്: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ ഇന്നലെയും തുടർന്നു. വെടിനിർത്തൽ രണ്ടു ദിവസത്തേക്കുകൂടി നീട്ടാനുള്ള ശ്രമങ്ങൾ ഊർജിതമാണ്.
ബുധനാഴ്ച 16 ബന്ദികളെ ഹമാസ് വിട്ടയച്ചു. 30 പലസ്തീനികളെ ഇസ്രേലി ജയിലിൽനിന്നു മോചിപ്പിച്ചു. ഇതിനിടെ, ഇന്നലെ രാവിലെ ജറൂസലെമിൽ പലസ്തീൻ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു വെടിനിർത്തൽ വ്യാഴാഴ്ചകൂടി തുടരാൻ തീരുമാനമായത്. ബുധനാഴ്ച വെടിനിർത്തൽ സമയം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേയാണു തീരുമാനമുണ്ടായത്. ഇതോടെ ഏഴു ദിവസം ഏറ്റുമുട്ടൽ ഒഴിവായി.
ബുധനാഴ്ച 12 ഇസ്രേലികളെയും നാലു തായ്ലൻഡ് സ്വദേശികളെയുമാണു ഹമാസ് വിട്ടയച്ചത്. വനിതകളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ഇസ്രേലി ജയിലിൽനിന്നു മോചിതരായത്. ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ മാസാദ്യം ഇസ്രേലി സേന അറസ്റ്റ് ചെയ്ത പലസ്തീൻ വനിതാ ആക്ടിവിസ്റ്റ് അഹദ് താമിനി(22)യും മോചിതരായവരിൽ ഉൾപ്പെടുന്നു.
കൂടുതൽ ബന്ദികളുടെ മോചനം, ഗാസയിൽ സഹായമെത്തിക്കൽ എന്നീ കാര്യങ്ങൾ ഉറപ്പാക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ഇസ്രയേലിലെത്തി. പ്രസിഡന്റ് ഹെർസോഗ്, പ്രധാനമന്ത്രി നെതന്യാഹു, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം ബ്ലിങ്കൻ പശ്ചിമേഷ്യയിൽ നടത്തുന്ന മൂന്നാം സന്ദർശനമാണിത്.
ഇതിനിടെ, കിഴക്കൻ ജറൂസലെമിൽ ആക്രമണം നടത്തിയവർ ഹമാസ് ഭീകരരാണെന്ന് ഇസ്രേലി ആഭ്യന്തരമന്ത്രി ഇതാമർ ബെൻഗവീർ ആരോപിച്ചു. ഇന്നലെ രാവിലെ രണ്ടു പേർ ബസ് സ്റ്റേഷനിൽ വെടിവയ്പ് നടത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന ആയുധധാരികളായ ഇസ്രേലികൾ അക്രമികളെ വകവരുത്തി.
അക്രമികൾ കിഴക്കൻ ജറൂസലെം സ്വദേശികളായ സഹോദരങ്ങളാണെന്നു പറയുന്നു. കഴിഞ്ഞദിവസം ഇസ്രേലി സേന വെസ്റ്റ് ബാങ്കിലെ ജനിൻ ക്യാന്പിൽ നടത്തിയ റെയ്ഡിൽ എട്ടും 14ഉം പ്രായമുള്ള പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.