ഒരുവശത്ത് കാലാവസ്ഥാ ഉച്ചകോടി; മറുവശത്ത് എണ്ണയുത്പാദനം കൂട്ടാൻ യുഎഇ
Sunday, December 3, 2023 1:28 AM IST
ദുബായ്: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 28) ആതിഥ്യം വഹിക്കുന്ന യുഎഇ ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാൻ പോകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
എണ്ണ, പ്രകൃതിവാതകം എന്നീ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ദുബായിൽ ലോകനേതാക്കൾ ചർച്ച നടത്തുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.
യുഎഇ സർക്കാരിന്റെ കീഴിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി (അഡ്നോക്) 2030ഓടെ ഉത്പാദനം 42 ശതമാനം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ ഉത്പാദനം നൂറു കോടി വീപ്പ എണ്ണ ആണെങ്കിൽ 2030ൽ 150 കോടി വീപ്പയായിരിക്കും. 2030കളിലും ഉയർന്ന ഉത്പാദനം തുടരും.
അതേസമയം, കന്പനിയുടെ ഉത്പാദനശേഷി മാത്രമാണ് ഈ കണക്കിൽ പറയുന്നതെന്നും യഥാർഥത്തിലുള്ള ഉത്പാദനമല്ലെന്നും അഡ്നോക് പ്രതികരിച്ചു.
എണ്ണയും വാതകവും വരുന്ന പതിറ്റാണ്ടുകളിലും വേണ്ടിവരുമെന്നും ഉത്പാദനം പ്രകൃതിസൗഹാർദപരമായിട്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു. കന്പനിയുടെ സിഇഒയും യുഎഇ വ്യവസായ മന്ത്രിയുമായ സുൽത്താൽ അൽ ജാബർ ആണ് കാലാവസ്ഥാ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്.