ലഷ്കർ ഭീകരൻ ഹൻസ്ല അദ്നാൻ കറാച്ചിയിൽ കൊല്ലപ്പെട്ടു
Thursday, December 7, 2023 1:38 AM IST
കറാച്ചി: ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹൻസ്ല അദ്നാൻ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്നാൻ.
വീടിനു വെളിയിലാണ് ശനിയാഴ്ച രാത്രി അദ്നാനു വെടിയേറ്റത്. ശരീരത്തിൽ നാലു വെടിയുണ്ടകളേറ്റ അദ്നാനെ പാക് സൈന്യം കറാച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. ഈയിടെയാണ് അദ്നാൻ റാവൽപിണ്ടിയിൽനിന്നു കറാച്ചിയിലേക്കു പ്രവർത്തനകേന്ദ്രം മാറ്റിയത്. കാഷ്മീരിലെ ഉധംപുരിൽ ബിഎസ്എഫ് സൈനികവ്യൂഹത്തിനു നേർക്ക് 2015ൽ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അദ്നാൻ. അന്ന് രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
2016ൽ കാഷ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സംഘത്തിനു നേർക്കുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതും അദ്നാൻ ആയിരുന്നു. എട്ടു സിആർപിഎഫ് ജവാന്മാരാണ് അന്നു കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയുടെയും പിൻബലത്തിലാണ് അദ്നാൻ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.