യെമനിൽ യുഎസ് പ്രഹരം; 74 പേർ കൊല്ലപ്പെട്ടു
Sunday, April 20, 2025 12:40 AM IST
സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള റാസ് ഈസ ഇന്ധന ടെർമിനലിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു ആക്രമണം. പ്രാഥമിക കണക്കുകൾ പ്രകാരം 171 പേർക്കു പരിക്കേറ്റതായി ഹൂതി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൂതികളുടെ വരുമാന, ഇന്ധന സ്രോതസ് നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന വിശദീകരിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ സേന കഴിഞ്ഞമാസം യെമനിൽ ആക്രമണം ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്ന സംഭവമാണിത്.
മരിച്ചവരിൽ ടെർമിനൽ നടത്തുന്ന സേഫർ ഓയിൽ കന്പനി, ഇറക്കുമതിയുടെയും വിതരണത്തിന്റെയും ചുമതലയുള്ള യെമൻ പെട്രോളിയം കന്പനി എന്നിവയുടെ ജീവനക്കാരും ഉൾപ്പെടുന്നു.
ചെങ്കടൽ തീരത്ത് ഹുദെയ്ദ തുറമുഖത്തുനിന്ന് 55 കിലോമീറ്റർ വടക്കുള്ള റാസ് ഈസ ടെർമിനലിലൂടെയാണ് യെമനിലേക്ക് പെട്രോളിയം ഇന്ധനം എത്തുന്നത്. മുപ്പതു ലക്ഷം വീപ്പ എണ്ണ സംഭരിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്.
ഹൂതികൾക്ക് ഇന്ധനം ലഭിക്കുന്നത് ടെർമിനലിലൂടെയാണ്. ഇതിനു പുറമേ നികുതി ചുമത്തി എണ്ണ വിൽക്കുന്നതിലൂടെ ഹൂതിഭരണകൂടം വൻ വരുമാനവും നേടുന്നുണ്ട്.
ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കാൻ ഹൂതികൾ ഈ ടെർമിനൽ ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കയും ഇസ്രയേലും നേരത്തേ ഇവിടം ആക്രമിച്ചിട്ടുള്ളതാണ്.