പഞ്ചാബിൽ പുതിയ സർക്കാർ രൂപീകരിച്ചത് മുതൽ പ്രശ്നങ്ങൾ: ഭൂപേഷ് ബാഗേൽ
Thursday, March 23, 2023 7:10 AM IST
ന്യൂഡൽഹി: പഞ്ചാബിൽ പുതിയ സർക്കാർ രൂപീകരിച്ചതുമുതൽ സംസ്ഥാനത്തിന്റെ ക്രമസമാധാനം തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ.
പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ബാഗേലിന്റെ പരാമർശം.
സംഭവങ്ങൾ നടന്ന രീതി വളരെ ദൗർഭാഗ്യകരമാണ്. കാരണം ഇത് ഒരു അതിർത്തി സംസ്ഥാനമാണ്. ഇത്തരത്തിലുള്ള സംഭവം അവഗണിക്കാൻ കഴിയില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് ചൊവ്വാഴ്ച ലുക്ക്ഔട്ട് സർക്കുലറും (എൽഒസി) ജാമ്യമില്ലാ വാറന്റും (എൻബിഡബ്ല്യു) പുറപ്പെടുവിച്ചു.
അമൃത്പാലിനെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും പഞ്ചാബ് പോലീസിന് പൂർണ സഹകരണം ലഭിക്കുന്നുണ്ട്. ഇയാളുടെ അനുയായികളായ 154 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഐജി സുഖ്ചെയിൻ സിംഗ് ഗിൽ പറഞ്ഞു.