ജോയിയുടെ കുടുംബത്തിന് സഹായം; 10 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ
Wednesday, July 17, 2024 2:01 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കുന്നത്.
അതേസമയം, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് മൂന്നു തൊഴിലാളികളും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയത്. കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതായ ജോയിയുടെ മൃതദേഹം 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് കണ്ടെത്തിയത്.