വൈദ്യുതി പ്രതിസന്ധി: യുഡിഎഫ് കാലത്തെ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ
Wednesday, October 4, 2023 11:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ, റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇതുസംബന്ധിച്ച് നിർദേശം നല്കും.
യുഡിഎഫ് കാലത്തെ 450 മെഗാവാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരുന്നപ്പോൾ മൂന്ന് കമ്പനികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ദീർഘകാലത്തേക്ക് 450 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങാൻ കരാറിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ സാങ്കേതികപ്രശ്നം ഉന്നയിച്ച് കരാർ റദ്ദാക്കുകയായിരുന്നു.
സംസ്ഥാനത്ത് മഴക്കുറവു കൂടിയുണ്ടായതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പഴയ കരാർ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി തന്നെ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ സർക്കാർ പലവിധത്തിലുള്ള നിയമപരിശോധന നടത്തുകയും നിയമ സെക്രട്ടറിയുടെ അഭിപ്രായം തേടുകയും ചെയ്തു.
സർക്കാരിന്റെ ചട്ടം 108 പ്രകാരം റദ്ദാക്കിയ ഒരു കരാർ പുനഃസ്ഥാപിക്കാനുള്ള എക്സിക്യൂട്ടീവ് അധികാരം സംസ്ഥാന മന്ത്രിസഭയ്ക്ക് ഉണ്ടെന്ന നിയമോപദേശമനുസരിച്ചാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്.
സർക്കാർ ഇത്തരത്തിൽ മുന്നോട്ടുവച്ച നിർദേശം തള്ളാൻ റെഗുലേറ്ററി കമ്മീഷന് കഴിയില്ല. കരാർ പുനഃസ്ഥാപിച്ചാൽ സംസ്ഥാനത്തിന് വൈദ്യുതി ലാഭവും നേട്ടവുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.