കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതൽ പേരിലേക്ക്
Wednesday, October 4, 2023 3:05 PM IST
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കൂടുതൽ കൗൺസിലർമാരിലേക്ക്. വടക്കാഞ്ചേരി നഗരസഭ സിപിഎം കൗൺസിലർ മധു അമ്പലപുരത്തിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്കി.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെയും മൂന്നാം പ്രതി പി.ആർ. അരവിന്ദാക്ഷന്റെയും സുഹൃത്താണ് മധു അമ്പലപുരം. സതീഷ്കുമാറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ മധുവും പങ്കാളിയാണെന്ന് അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവർ ഇഡിക്ക് മൊഴി നല്‍കിയിരുന്നു. നേരത്തെ ഒരുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മധു ഹാജരായില്ല.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. റിട്ട. എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരെയാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തത്. ഇരുവരെയും കഴിഞ്ഞ മാസം 29 ന് ഇഡി ചോദ്യം ചെയ്തിരുന്നു.