പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം
Friday, September 13, 2024 12:11 PM IST
തൃപ്പൂണിത്തുറ: പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ അനുജൻ മരിച്ചു. വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം.
തൃപ്പൂണിത്തുറ ഭാഗത്തുനിന്നു വൈക്കം ഭാഗത്തേക്ക് പോയ ടോറസ് ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാൻ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
താലൂക്കാശുപത്രി മോർച്ചറിയിലുള്ള ലതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാർ ഓടിച്ച ഉദയംപേരൂർ അരയശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന വിനോദ് (52) നെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.