"ദിവ്യ ആരാ സൂപ്പർ മുഖ്യമന്ത്രിയോ?' കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് റിജിൽ മാക്കുറ്റി
Tuesday, October 15, 2024 12:52 PM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ രൂക്ഷവിമർശനവുമായി കെപിസിസി അംഗം റിജിൽ മാക്കുറ്റി.
ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും എഡിഎം ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും റിജിൽ മാക്കുറ്റി കൂട്ടിച്ചേർത്തു.
എഡിഎം എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തെങ്കില്‍ അതില്‍ നിയമപരമായ നടപടി സ്വീകരിക്കാനുള്ള എല്ലാ സാധ്യതകളുമുള്ള നാട്ടില്‍ അതിന് അധികാരമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ പോയി അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് മനുഷ്യത്വരഹിതമാണ്.
ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കേണ്ട വേദിയായിരുന്നില്ല അതെന്നും ഒരു ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. അവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. അഴിമതി നടത്തിയെങ്കില്‍ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
അധികാരമുണ്ടെന്ന് വെച്ച് എന്തും പറയാമെന്നാണോ. ക്ഷണിക്കാത്ത ഒരു വേദിയില്‍ കയറി ഇത്തരം ആക്ഷേപം ഉന്നയിക്കാന്‍ ഇവർ സൂപ്പര്‍ മുഖ്യമന്ത്രിയാണോ എന്നും നിയമപരമായി മുന്നോട്ട് പോകാനുള്ള സംവിധാനമാണ് വേണ്ടതെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.