വിളിക്കാത്ത യോഗത്തിലെത്തി അധിക്ഷേപകരമായി സംസാരിച്ചു; ദിവ്യക്കെതിരേ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ്
Tuesday, October 15, 2024 12:06 PM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎല്‍എ. ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായി സംസാരിക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എഡിഎമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റേതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അവർ പറഞ്ഞതെല്ലാം ഒരു അധിക്ഷേപമായിട്ടേ ആർക്കും തോന്നൂ. അത് നവീൻ ബാബുവിനും തോന്നിയിട്ടുണ്ടാകും. ഈ മരണകാരണം പരിശോധിക്കപ്പെടണം. സർക്കാർ ഈ കേസ് ഗൗരവത്തിലെടുത്ത് മരണകാരണം എന്താണെന്ന് അന്വേഷിക്കണം.
സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് നവീൻ ബാബു. കളക്ടർ കഴിഞ്ഞാൽ, രണ്ടാമത്തെയാളാണ്. അങ്ങനെയൊരു വ്യക്തിക്ക് പോലും ഇങ്ങനെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നുവെന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.