വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
Wednesday, August 7, 2024 3:19 PM IST
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ തകർത്ത നടപടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളത്. ലോക ചാമ്പ്യനെ വരെ മലര്‍ത്തിയടിച്ച് തിളങ്ങിനില്‍ക്കുകയാണ് അവര്‍. തിളക്കമേറിയ കരിയറില്‍ ഇത് വെറുമൊരു നിര്‍ഭാഗ്യം കൊണ്ട് മാത്രം സംഭവിച്ച കാര്യമാണ്. അതിനാല്‍ തന്നെ വിജയിയായി ശക്തമായി വിനേഷ് ഫോഗട്ട് തിരിച്ചുവരും. എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.
വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. "വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരിൽ ചാമ്പ്യനാണ്. ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്കുന്നു'- മോദി കുറിച്ചു.
ഗുസ്തി കലാശപ്പോരിൽ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യത. ഇതോടെ, വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും.
ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നു രാത്രി നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് മെഡലിനരികെ ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.