വീണ്ടും നിരാശപ്പെടുത്തി സഞ്ജു; ത്രിപുരയ്ക്കെതിരേ കേരളത്തിന് ഭേദപ്പെട്ട സ്കോർ
Wednesday, November 29, 2023 2:09 PM IST
ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരേ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സിന് പുറത്തായി. 58 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും 44 റൺസെടുത്ത രോഹൻ കുന്നുമ്മേലും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന് കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണുയർത്തിയത്.
ഇരുപതാമോവറിൽ രോഹൻ കുന്നമ്മേൽ പുറത്തായി. പിന്നാലെ സ്കോര്‍ 122ല്‍ നില്‍ക്കേ അസ്ഹറുദ്ദീനും പുറത്തായതോടെ കേരളത്തിന്റെ തകർച്ച ആരംഭിച്ചു. ഒരു റണ്ണുമായി നായകൻ സഞ്ജു സാംസൺ മടങ്ങി. പിന്നാലെ സച്ചിന് ബേബിയും(14), വിഷ്ണു വിനോദും(രണ്ട്) നിരാശപ്പെടുത്തി മടങ്ങിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
അഞ്ചിന് 131 എന്ന നിലയിൽ കൂപ്പുകുത്തിയ കേരളത്തെ അഖില്‍ സ്കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും പുറത്തായശേഷം ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് സ്കോർ 200 കടത്തി.
ത്രിപുരയ്ക്കായി അഭിജിത് സര്‍ക്കാരും ബിക്രംജിത് ദേബ്നാഥും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര ഒടുവിൽ വിവരം കിട്ടുമ്പോൾ 11 ഓവറിൽ മൂന്നു വിക്കറ്റിന് 36 റൺസെന്ന നിലയിലാണ്. രണ്ടു റൺസുമായി വൃദ്ധിമാൻ സാഹയും നാലു റൺസുമായി ഗണേഷ് സതീഷുമാണ് ക്രീസിൽ. പല്ലബ് ദാസ് (12), ബിക്രം കുമാർദാസ് (ഒമ്പത്), സുദീപ് ചാറ്റർജി (ഒന്ന്) എന്നിവരാണ് പുറത്തായത്.