നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, തിങ്കളാഴ്ച പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
Tuesday, September 17, 2024 10:28 AM IST
ന്യൂഡല്‍ഹി: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരുകയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിങ്കളാഴ്ച പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
സമ്പര്‍ക്ക പട്ടികയില്‍ 172 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയില്‍ 26 പേരുണ്ട്. ഇവര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കിത്തുടങ്ങി.
ഹൈറിസ്ക് പട്ടികയില്‍ ഉള്ളവരല്ലെങ്കിലും സമ്പര്‍ക്കപട്ടികയില്‍ ഉള്ള ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഇന്ന് കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
മങ്കിപോക്സ് സംശയിക്കുന്ന യുവാവ് നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ഇയാളുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.