രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; വിജയിച്ചവരിൽ 20 വനിതകൾ
Sunday, December 3, 2023 9:39 PM IST
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 വനിതാ സ്ഥാനാർഥികൾ വിജയിച്ചു. 50 വനിതകളാണ് ഈ പ്രാവശ്യം മത്സരരംഗത്തുണ്ടായിരുന്നത്. വിജയിച്ച വനിതാ സ്ഥാനാർഥികളിൽ ഒമ്പത് പേർ ബിജെപിയിൽ നിന്നും ഒമ്പത്പേർ കോൺഗ്രസിൽ നിന്നും രണ്ട് പേർ സ്വതന്ത്രരുമാണ്.
ബിജെപിയിൽ നിന്ന് 20 പേരും കോൺഗ്രസിൽ നിന്ന് 28 പേരും രണ്ടു സ്വതന്ത്രരും ഉൾപ്പടെ ആകെ 50 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഷിംല ദേവി (അനുപുഗഢ്), സുശീല ദുഡി (നോഖ), റീത്ത ചൗധരി (മണ്ഡാവ), ഷികാ മീൽ ബരാല (ചോമു), ശോഭാറാണി കുഷ്വ (ധോൽപൂർ), അനിത ജാതവ് (ഹിന്ദൗൺ), ഇന്ദ്ര (ബമൻവാസ്), ഗീത ബർവാർ (ഭോപ്പാൽഗഡ്), റമില ഖാദിയ (കുശാൽഗഡ്) എന്നിവരാണ് വിജയിച്ച ഒമ്പത് കോൺഗ്രസ് സ്ഥാനാർഥികൾ.
ദിയാ കുമാരി (വിദ്യാധർ നഗർ), അനിത ഭാദേൽ (അജ്മീർ സൗത്ത്), മഞ്ജു ബഗ്മർ (ജയൽ), ശോഭ ചൗഹാൻ (സോജത്), ദീപ്തി കിരൺ മഹേശ്വരി (രാജ്സമന്ദ്), കൽപ്പനാ ദേവി (ലാഡ്പുര), വസുന്ധര രാജെ (വസുന്ധര രാജെ), ഇദ്ദി കുമാരി (ബിക്കാനീർ ഈസ്റ്റ്), നൗക്ഷം ചൗധരി (കമാൻ) എന്നിവരാണ് വിജയിച്ച ബിജെപിയുടെ വനിതാ സ്ഥാനാർഥികൾ. റിതു ബനാവത്ത് (ബയാന), പ്രിയങ്ക ചൗധരി (ബാമർ) എന്നിവർ സ്വതന്ത്രരായി വിജയിച്ചു.
കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 വനിതകളാണ് വിജയിച്ചത്. കോൺഗ്രസിന്റെ 12 പേരും ബിജെപിയുടെ 10 പേരും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ (ആർഎൽപി) ഒരാളും ഒരു സ്വതന്ത്രനും ജയിച്ചിരുന്നു.
അതേസമയം, 199ൽ 115 സീറ്റുകളും നേടിയാണ് ബിജെപി രാജസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയത്.