"ഇന്ത്യ' മുന്നണിക്ക് തിരിച്ചടി; മഹാരാഷ്ട്രയിലെ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് വിബിഎ
Saturday, September 30, 2023 12:04 PM IST
മുംബൈ: എൻസിപി, ശിവസേന ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, മഹാരാഷ്ട്രയിലെ "ഇന്ത്യ' മുന്നണി പ്രാദേശിക ഘടകമായ മഹാ വികാസ് അഘാഡിക്ക് പുതിയ തിരിച്ചടി.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയിലെ 42 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഘാഡി(വിബിഎ) പ്രഖ്യാപിച്ചത് ഇന്ത്യ മുന്നണിക്ക് ഭീഷണിയാണ്.
അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയാകും വിബിഎ മത്സരിക്കുകയെന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ, 2019-ലേതിന് സമാനമായി ദളിത് - ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴുകയും ബിജെപി സ്ഥാനാർഥികൾക്ക് വിജയം ഉറപ്പാകുകയും ചെയ്യുമെന്നാണ് "ഇന്ത്യ' മുന്നണി ഭയക്കുന്നത്.
2019-ലെ തെരഞ്ഞെടുപ്പിൽ, മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് മഹാ വികാസ് അഘാഡിക്ക് നേടാൻ സാധിച്ചത്. 7.65 ശതമാനം വോട്ടുകൾ നേടിയ വിബിഎ - ഒവൈസി സഖ്യം പല മണ്ഡലങ്ങളിലും മഹാ വികാസ് അഘാഡി സ്ഥാനാർഥികളുടെ വോട്ടുകൾ കൈയടക്കുകയും ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തു.