മാനിനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Tuesday, October 15, 2024 1:08 PM IST
വയനാട്: മുത്തങ്ങ പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് ആൽബിൻ അഗസ്റ്റിൻ (24) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മീറ്റ് ആഷർ (22) നെ ഗുരുതര പരിക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. മൈസൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പൊൻകുഴി കാട്ടുനായ്ക്ക കോളനിക്ക് സമീപം വാഹനത്തിനു കുറുകെച്ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.