മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് അജിത് പവാർ
Wednesday, September 18, 2024 3:55 AM IST
പൂനെ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ.. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷത്തിൽ എത്തണമെന്നും എല്ലാവരുടെയും ആഗ്രഹം സഫലമാകണമെന്നില്ലല്ലോ'യെന്നും അജിത് പവാർ പറഞ്ഞു.
"ആഗ്രഹങ്ങളും അഭിപ്രായങ്ങളും എല്ലാവർക്കുമുണ്ട്. വോട്ട് ചെയ്യാനുളള അവകാശം വോട്ടർമാരുടെ കൈകളിലാണ്. സംസ്ഥാന അസംബ്ലിയിൽ 288 അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ 145 സീറ്റുകളിലെങ്കിലും എത്തേണ്ടതും ആവശ്യമാണെന്ന് പവാർ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെടുന്ന മഹായുതി (മഹാസഖ്യം) മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്നും പവാർ വ്യക്തമാക്കി.
ഇപ്പോൾ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീണ്ടും ഭരണത്തിൽ എത്തിയതിന് ശേഷം മുഖ്യമന്ത്രിയെ സംബന്ധിച്ചുളള തീരുമാനം എല്ലാവരും ആലോചിച്ച് തീരൂമാനിക്കുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനയിലെ നേതാക്കൾ ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് പവാറിന്റെ ഇത്തരത്തിലൊരു പ്രസ്താവന.
അജിത് പവാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളുടെ പ്രദർശനവും അടുത്തിടെ വിവാദത്തിന് വഴിവെച്ചിരുന്നു.