ഭീകരർക്ക് കാനഡ രാഷ്ട്രീയ അഭയം നൽകുന്നു; ട്രൂഡോയ്ക്കെതിരേ വിമർശനവുമായി അമരീന്ദർ സിംഗ്
Saturday, September 23, 2023 5:10 PM IST
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരേ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാനഡ ‘രാഷ്ട്രീയ അഭയം’ നൽകുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും ഭീകരർക്കും കാനഡ അഭയം നൽകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ മുൻ ശ്രമങ്ങളെയും ഉയർത്തിക്കാട്ടി.
2018ൽ ഒരു യോഗത്തിനിടെ താൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് "എ-വിഭാഗം' ഭീകരരുടെ പട്ടിക കൈമാറിയെന്നും എന്നാൽ കാനഡ അതിനെ തീർത്തും അവഗണിക്കുകയാണുണ്ടായതെന്നും അമരീന്ദർ ആരോപിച്ചു.
2018 ഫെബ്രുവരിയിൽ അമൃത്സറിൽ വച്ച് കേന്ദ്ര സർക്കാരിനു വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ട്രൂഡോയെ കണ്ടപ്പോഴാണ് ഒന്പത് എ-വിഭാഗം ഭീകരരുടെ പട്ടിക കൈമാറിയതെന്നും അമരീന്ദർ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിലെഴുതിയ ലേഖനത്തിലായിരുന്ന അമരീന്ദറിന്റെ പ്രതികരണം.
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെയുള്ള മുൻകാല ആക്രമണങ്ങളെയും അമരീന്ദർ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കാനഡയുടെ മണ്ണിൽ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ ആവിഷ്കാര 'സ്വാതന്ത്ര്യം' എന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ട്രൂഡോ ചെയ്യുന്നതെന്നും അമരീന്ദർ ആരോപിച്ചു.