അരിക്കൊമ്പന് തിരുനെല്‍വേലിയിലേക്ക്? വ്യക്തത വരുത്താതെ വനംവകുപ്പ്
Monday, June 5, 2023 1:47 PM IST
കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുന്നത് തിരുനെല്വേലിയിലെന്ന് സൂചന. തിരുനെല്‍വേലി ജില്ലയിലെ പാപനാശം കാരയാര്‍ അണക്കെട്ടിലെ വനമേഖലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് വിവരം.
തേനിയില്‍ നിന്ന് മധുരയിലേക്ക് പോകുന്ന റോഡിലാണ് നിലവില്‍ കൊമ്പനുമായി വനംവകുപ്പ് സംഘം യാത്ര തുടരുന്നത്. എന്നാല്‍ ആനയെ എവിടേയ്ക്കാണ് മാറ്റുന്നതെന്നത് സംബന്ധിച്ച് വനംവകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതിഷേധ സാധ്യത ഉള്ളതിനാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു. രാവിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്ത് വച്ചാണ് ആനയെ മയക്കുവെടിവച്ചത്. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടിവച്ചത്.
രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. മലയോര പ്രദേശത്തായിരുന്ന ആന സമതലപ്രദേശത്ത് എത്തിയതോടെ വെടിവയ്ക്കുകയായിരുന്നു.