ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
Monday, May 29, 2023 2:57 AM IST
ന്യൂഡൽഹി: ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തയച്ചു.
കൂടാതെ ഞായറാഴ്ച ജന്തർമന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാർക്ക് നേരെ ബലപ്രയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പോലീസ് കസ്റ്റഡിയിലുള്ള വനിതാ ഗുസ്തി താരങ്ങളെ ഉടൻ മോചിപ്പിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗുസ്തിതാരങ്ങൾ പ്രതിഷേധവുമായി ജന്തർമന്ദറിൽ സംഘടിച്ചത്. തുടർന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള പ്രതിഷേധ ഗുസ്തിക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.