പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; യുവാവ് അറസ്റ്റിൽ
Friday, May 26, 2023 5:55 PM IST
സിയൂൾ: പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്ന യുവാവ് അറസ്റ്റിൽ. ദക്ഷിണ കൊറിയയിലെ ഡേഗു വിമാനത്താവളത്തിലിറങ്ങിയ ഏഷ്യാന എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം.
194 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിലായിരുന്നു യുവാവിന്റെ അതിസാഹസികത. യാത്രക്കാരിൽ ചിലർ ബോധരഹിതരാകുകയും ചിലർക്ക് ശ്വാസതടസം നേരിടുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം 11:45 ന് ജെജു ദ്വീപിൽ നിന്ന് പറന്നുയർന്ന വിമാനത്തിലാണ് അപകടരംഗങ്ങൾ അരങ്ങേറിയത്.
വിമാനം ലാൻഡ് ചെയ്യുന്നതിന് രണ്ട് മിനിറ്റ് മുൻപായിരുന്നു സംഭവം. ഈ സമയം വിമാനം 250 മീറ്റർ മാത്രം ഉയരത്തിലായിരുന്നു. എമർജൻസി വാതലിന് തൊട്ടടുത്തിരുന്ന മുപ്പതുകാരനായ യാത്രക്കാരനാണ് വാതിൽ തുറന്നത്.
ഇതോടെ ശക്തമായി കാറ്റ് വിമാനത്തിനുള്ളിലേക്ക് അടിച്ചുകയറി. വിമാനം ലാൻഡ് ചെയ്യാൻ പോകുന്നതിനാൽ വിമാന ജീവനക്കാർക്ക് യുവാവിനെ തടയാൻ കഴിഞ്ഞില്ല. ഇയാൾ വാതിൽ തുറന്ന് പുറത്തേക്ക് ചാടാനും ശ്രമിച്ചതായി വിമാനത്തിലെ മറ്റ് യാത്രക്കാർ പറയുന്നു.