മണിപ്പൂരില്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്
Friday, June 9, 2023 10:57 AM IST
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്. സൊറായി സാം കെബി ദേവി എംഎല്‍എയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം എംഎല്‍എയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ മെയ് നാലിന് മറ്റൊരു എംഎല്‍എയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. വുംഗ്സാഗിന്‍ വാള്‍ട്ടെ എന്ന എംഎല്‍എയാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഓര്‍മശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നുമാണ് വിവരം.