യുദ്ധം നീളുന്നു, വേഗം വിമാനങ്ങളും മിസൈലുകളും അയക്കൂ: ഇയു നേതാക്കളോട് സെലൻസ്കി
Friday, March 24, 2023 7:56 AM IST
കീവ്: യുദ്ധവിമാനങ്ങളും മിസൈലുകളും അയക്കാൻ വൈകുന്നത് യുദ്ധം നീളാൻ കാരണമാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. 27 അംഗ യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമാരും പങ്കെടുത്ത ഉച്ചകോടിയിലാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്.
ആധുനിക വിമാനങ്ങളും മിസൈലുകളും വേഗത്തിൽ നൽകണമെന്നു ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത സെലൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്നിൽ സൈനികമുന്നേറ്റം നടക്കുന്ന പ്രദേശം സന്ദർശിക്കാൻ ട്രെയിനിൽ സഞ്ചരിക്കവേയാണു സെലൻസ്കി യോഗത്തിൽ പങ്കെടുത്തത്.
റഷ്യൻ അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാൻ യുക്രെയ്ന് അടുത്ത 12 മാസത്തേക്ക് പത്തുലക്ഷം റൗണ്ട് പീരങ്കിയുണ്ടകൾ നൽകാൻ ഉച്ചകോടിയിൽ യൂറോപ്യൻ നേതാക്കൾ തമ്മിൽ ധാരണയായി. ഈ തീരുമാനത്തിന് സെലൻസ്കി ഇയു നേതാക്കൾക്ക് നന്ദി അറിയിച്ചു.
ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ യുക്രെയ്ൻ ആയുധക്ഷാമം നേരിടുന്നുണ്ട്. യുക്രെയ്ന് സംയുക്തമായി ആയുധങ്ങൾ നൽകാനുള്ള പദ്ധതി എസ്റ്റോണിയൻ പ്രധാനമന്ത്രി കാജ കല്ലാസാണ് കഴിഞ്ഞ യോഗത്തിൽ അവതരിപ്പിച്ചത്. ഇതു യോഗം അംഗീകരിച്ചു.