എജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തി മാത്രം, പത്രസമ്മേളനം നടത്താന്‍ എന്ത് അധികാരം: ഇ.പി.ജയരാജന്
Thursday, September 21, 2023 12:08 PM IST
തിരുവനന്തപുരം: എജി രാഷ്ട്രീയം കളിക്കുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സംസ്ഥാനം നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന തെറ്റായ സന്ദേശം എജി പ്രചരിപ്പിച്ചെന്ന് ജയരാജന് പറഞ്ഞു.
സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നതിനെതിരെ ഇടത് മുന്നണി രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടിശികയും പിരിച്ചെടുക്കാന്‍ കഴിയുന്നതല്ല. ചിലര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് കേരളത്തില്‍ വലിയ കുടിശികയാണെന്ന് ഇഡി സ്ഥാപിക്കുന്നത്. കേരളം ഉണ്ടായ കാലം മുതലുള്ള കുടിശിക ചേര്‍ത്തുകൊണ്ടാണ് ഇത്തരമൊരു ധാരണ എജി പ്രചരിപ്പിച്ചത്. ഇതൊന്നും എജി സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണെന്ന് ജയരാജന് വിമര്‍ശിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട വ്യക്തി മാത്രമാണ് എജി. പത്രസമ്മേളനം നടത്താന്‍ എജിക്ക് എന്താണ് അവകാശമെന്നും ജയരാജന് ചോദിച്ചു.
കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ബിജെപി നയം അനുസരിച്ചാണെന്നും ജയരാജന് പറഞ്ഞു.