ജമ്മുകാഷ്മീരിൽ ഇന്ത്യാ സഖ്യം; ഹരിയാനയിൽ ബിജെപിക്ക് മൂന്നാമൂഴം
Tuesday, October 8, 2024 12:46 PM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഇന്ത്യാ സഖ്യം അധികാരത്തിലേക്ക്. നിലവിൽ ഇന്ത്യാ സഖ്യം 52 സീറ്റിലും ബിജെപി 28 സീറ്റിലും പിഡിപി രണ്ടു സീറ്റിലും ലീഡു ചെയ്യുകയാണ്.
എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. ജമ്മുമേഖലയിൽ മാത്രമാണ് ബിജെപിക്ക് പിടിച്ചു നിൽക്കാനായത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കുൽഗാമിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചു.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർഥിയുമായ ഇൽത്തിജ മുഫ്തി ബിജ്ബിഹേര മണ്ഡലത്തിൽ പിന്നിലാണ്. നാഷണൽ കോൺഫറൻസിന്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.
പത്തു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കാഷ്മീർ ജനത ബിജെപിയെ തള്ളാനും ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കാനും തീരുമാനിച്ചുവെന്നാണ് ഫല സൂചന നൽകുന്നത്. ഒരു ഘട്ടത്തിൽ ബിജെപിക്കൊപ്പം നിന്ന് സർക്കാർ രൂപീകരിച്ച പിഡിപിക്കും ഇത്തവണ കാലിടറി. കേവലം രണ്ടു സീറ്റിൽ മാത്രമാണ് അവർ മുന്നേറാനായത്.
ഹരിയാനയിൽ വീണ്ടും ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപി ഹരിയാനയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകൾ പുറത്തുവന്നപ്പോൾ ബിജെപി കേവല ഭൂരിപക്ഷവും മറികടന്ന് മുന്നേറുകയാണ്. നിലവിൽ ബിജെപി 49 സീറ്റിലും കോൺഗ്രസ് 35 സീറ്റിലും മറ്റുള്ളവർ ആറു സീറ്റിലും മുന്നേറുകയാണ്.
മുൻ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല ഉച്ചന കലൻ മണ്ഡലത്തിൽ ആറാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ബിജെപിയുടെ ദേവേന്ദർ ചത്താറാണ് രണ്ടാമത്. ഗാർഹി സമ്പാലയിൽ കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ 22182 വോട്ടിന് മുന്നിലാണ്.
വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ലീഡ് കുത്തനെ താഴുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടിയുടെ ഫലങ്ങൾ വന്നതോടെ കോൺഗ്രസ് ആസ്ഥാനത്തെ ആഘോഷങ്ങളെല്ലാം പ്രവർത്തകർ നിർത്തി. ജാട്ടു മേഖലയിൽ ബിജെപി വ്യക്തമായ മുന്നേറ്റം തുടരുകയാണ്.