എഐ കാമറ പിഴയിൽ പിഴവുണ്ടോ? ജില്ലാ എന്‍ഫോഴ്സമെന്റ് ഓഫിസര്‍ക്ക് അപ്പീല്‍ നല്‍കാം
Sunday, June 4, 2023 6:31 PM IST
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ സംബന്ധിച്ച് പരാതികൾ ഉന്നയിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവില്‍ ഗതാഗതനിയമ ലംഘനം സംബന്ധിച്ച പരാതികള്‍ നല്കാന് സംവിധാനമില്ല. ഇനി മുതൽ ഇത്തരം പരാതികളിൽ ജില്ലാ എന്‍ഫോഴ്സമെന്റ് ഓഫിസര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാം.
രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴിയും അപ്പീല്‍ നല്കാന് സംവിധാനം ഒരുക്കും. ഇതോടെ നിരപരാധികള്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്ന ആക്ഷേപം ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എഐ കാമറകൾ തിങ്കളാഴ്ച മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്കു പിഴ ചുമത്തും. ഏപ്രിൽ 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുന്നതിനായിരുന്നു ആദ്യം തീരു മാനിച്ചിരുന്നത്. പിന്നീട് മേയ് 19 വരെ ബോധവത്കരണം നടത്തിയ ശേഷം പിഴയീടാക്കുന്നതിനായിരുന്നു തീരുമാനം.