അഞ്ച് മാസം നീണ്ട സമരം അവസാനിപ്പിച്ച് ഹോളിവുഡ് എഴുത്തുകാർ
Thursday, September 28, 2023 1:11 AM IST
ലോസാഞ്ചലസ്: അഞ്ചുമാസത്തോളം നീണ്ട സമരം അവസാനിപ്പിച്ച് ചലച്ചിത്ര മേഖലയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ). നിയന്ത്രണങ്ങൾ പിൻവലിക്കാനും സമരം അവസാനിപ്പിക്കാനും യൂണിയൻ നേതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചതായി ഡബ്ല്യുജിഎ പ്രസ്താവനയിൽ അറിയിച്ചു.
വേതന വർധനയും നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽനിന്നുള്ള സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന മൂന്നുവർഷത്തെ കരാർ അംഗീകരിക്കണോയെന്ന് സംഘടനയിലെ 11,500 അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. അതേസമയം, താരങ്ങളുടെ സംഘടന സമരം പിൻവലിക്കാത്തതിനാൽ ഹോളിവുഡ് സാധാരണ നിലയിലേക്കെത്താൻ ഇനിയും സമയമെടുക്കും.
സിനിമകളും ടിവി ഷോകളും ഓൺലൈനിൽ പ്രദർശിപ്പിച്ച് നിർമാണക്കമ്പനികളും സ്ട്രീമിംഗ് സ്ഥാപനങ്ങളും ലാഭമുണ്ടാക്കുമ്പോൾ എഴുത്തുകാർക്കും അതിന്റെ പങ്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് മേയ് രണ്ടിനാണ് സമരം ആരംഭിച്ചത്. സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്കെതിരെ ജൂലൈ 14ന് അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് കൂടി സമരത്തിൽ പങ്കുചേർന്നതോടെ ഹോളിവുഡ് അക്ഷരാർഥത്തിൽ സ്തംഭിച്ചു.
സമരംമൂലം അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് 500 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം, ആരോഗ്യ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് താരങ്ങളും സമര രംഗത്തുള്ളത്.