ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Saturday, September 30, 2023 11:07 AM IST
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഇടുക്കി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ജൂലൈ 22ന് പാലക്കാട് സ്വദേശി മുഹമ്മദ് നിയാസ് ഇടുക്കി ഡാം സന്ദര്‍ശിക്കാനെന്ന രീതിയില്‍ ഇവിടെയെത്തിയ ശേഷം 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പിന്നീട് വിദേശത്തേയ്ക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധവും പോലീസ് സംശയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി ക്രൈംബ്രാഞ്ച് യൂണിറ്റിനാകും അന്വേഷണ ചുമതല.