ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി
Monday, October 14, 2024 11:31 PM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്ര തർക്കം പുതിയ തലത്തിൽ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചതിനു പിന്നാലെ ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.
ഹൈകമ്മീഷണർ ഉൾപ്പെടെ ആറു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി.
കാനഡയുടെ ആരോപണങ്ങൾ തള്ളിയും കടുത്ത ഭാഷയിൽ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്.